വെളളറട: സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍നിന്ന് മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടുന്ന സംഘം പോലീസ് പിടിയിലായി. കോട്ടൂര്‍ കൃഷ്‌ണഗിരിയില്‍ ബിനു(42), കോട്ടൂര്‍ കളിയല്‍ മാര്‍ട്ടിന്‍ ദേവുഭവനില്‍ വിനോദ്(44), എന്നിവരാണ് നെയ്യാര്‍ ഡാം പോലീസിന്റെ പിടിയിലായത്. കുറ്റിച്ചല്‍ കേന്ദ്രീകരിച്ച പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്ന് സ്വര്‍ണം പൂശിയ ഇരുമ്പുവളകള്‍ പണയം വച്ച് തട്ടിപ്പുനടത്തിയ കേസിലാണ് ഇവര്‍ പിടിയിലായത്.
മുമ്പ് പണയം വച്ച മുങ്ങിയ സംഘം കുറ്റിച്ചലിലെ ഫിനാന്‍സ് സ്ഥാപനത്തില്‍ വീണ്ടും പണയം വെക്കാന്‍ എത്തിയതോടെ സംശയം തോന്നിയ ഫിനാന്‍സ് ഉടമ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും കസ്‌റ്റഡിയിലെടുത്തു. ഒരു വര്‍ഷത്തിലേറെയായി മലയോര മേഖല കേന്ദ്രീകരിച്ച് ഈ സംഘം തട്ടിപ്പുനടത്തി വരുന്നതായും കാരിയോട്, കോട്ടൂര്‍, കുറ്റിച്ചല്‍ എന്നിവിടങ്ങളിലെ ഫിനാന്‍സ് സ്ഥാപനങ്ങളിലാണ് തട്ടിപ്പ നടത്തി വന്നെതന്നും പോലീസ് പറഞ്ഞു.
സിഐ എസ് ബിനോയ്, എസ്‌ഐമാരായ ശശികുമാരന്‍ നായര്‍, രമേശന്‍, എഎസ്‌ഐ ഷാജിത്‌കുമാര്‍, സിപിഒ അനൂപ്, ശ്രീനാഥ്, അജയന്‍, വനിത പോലീസ് ലേഖ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത് .