കൊച്ചി: എറണാകുളം കണ്ണമാലിയില്‍ മാലിന്യത്തില്‍ ചവിട്ടി തെന്നിവീണ് വയോധികന്‍ മരിച്ചു. കാട്ടിപ്പറമ്പ് സ്വദേശി പി.എ. ജോര്‍ജ് (92) ആണ് മരിച്ചത്.
08/11/21 തിങ്കളാഴ്ച രാവിലെ നടക്കാനിറങ്ങിയ ജോര്‍ജ് മാലിന്യത്തില്‍ ചവിട്ടി തെന്നി തലയിടിച്ച് വീഴുകയായിരുന്നു. കക്കൂസ് മാലിന്യം റോഡരികില്‍ തള്ളിയതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
വീടിന്റെ മുന്നിലുള്ള കാനയിലാണ് ജോര്‍ജ് വീണു കിടന്നിരുന്നത്. ഈ കാനയിലേക്ക് സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ തള്ളിയ നിലയിലായിരുന്നു. മാലിന്യത്തില്‍ ചവിട്ടി തെന്നി കാനയിലേക്ക് വീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. വഴിയാത്രക്കാരാണ് ജോര്‍ജിനെ അപകടത്തില്‍പ്പെട്ട നിലയില്‍ കണ്ടെത്തിയത്.
മരിച്ച ജോര്‍ജിന് ദിവസവും രാവിലെ പള്ളിയില്‍ പോയി നേര്‍ച്ചയിടുന്ന പതിവുണ്ട്. പുലര്‍ച്ചെ അഞ്ച് മണിയോടെ പള്ളിയിലേക്ക് പോകുന്നതിനായി ഇറങ്ങിയപ്പോഴായിരിക്കാം അപകടം സംഭവിച്ചതെന്നാണ് വിവരം. വീട്ടില്‍ ജോര്‍ജ് തനിച്ചാണ് താമസം. സംഭവസ്ഥലത്ത് പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.