കണ്ണൂർ: നിര്‍മാണ പ്രവൃത്തികള്‍ക്കും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമൊപ്പം കാര്‍ഷിക മേഖലയിലും കൈവെക്കുകയാണ് പയ്യന്നൂര്‍ നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികള്‍. കാനായി സൗത്ത് പന്ത്രണ്ടാം വാര്‍ഡിലെ കാനായി വയലിലാണ് നെല്‍ കൃഷിയിറക്കുന്നത്. ഓവുചാലുകളുടെ നിര്‍മ്മാണം, ശുചീകരണം, തോടുകളുടെയും കുളങ്ങളുടെയും പുനരുദ്ധാരണം, തുടങ്ങിയ പ്രവൃത്തികളായിരുന്നു തൊഴിലുറപ്പ് പദ്ധതിയില്‍ ഇതുവരെ ചെയ്തിരുന്നത്. കാര്‍ഷിക മേഖലയില്‍ തൊഴിലുറപ്പ് തൊഴിലാളികളെയും അണിനിരത്തി ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കാന്‍ പുതിയ മാതൃകകള്‍ തേടുകയാണ് നഗരസഭ. കാനായി വയലിലെ എഴുപത്തിയഞ്ച് ഏക്കറില്‍ രണ്ടര ഏക്കര്‍ സ്ഥലത്താണ് ആദ്യഘട്ടത്തില്‍ കൃഷി ചെയ്യുന്നത്. ജൈവ കൃഷിരീതികള്‍ നടപ്പാക്കല്‍, തരിശ് നിലങ്ങള്‍ കൃഷി യോഗ്യമാക്കല്‍, പച്ചക്കറി കൃഷിക്ക് നിലമൊരുക്കല്‍, ഭൂമി നിരപ്പാക്കല്‍, തട്ടു തിരിക്കല്‍, ബണ്ട് നിര്‍മ്മാണം, നടീല്‍ വസ്തുക്കളുടെ നഴ്‌സറി നിര്‍മ്മാണം എന്നിവ ഏറ്റെടുത്ത് നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഈ സാമ്പത്തിക വര്‍ഷം 44 വാര്‍ഡുകളിലുമായി 22000 തൊഴില്‍ ദിനങ്ങള്‍ക്ക് 8962800 രൂപയുടെ കര്‍മപദ്ധതിയാണ് തൊഴിലുറപ്പ് പദ്ധതിക്കായി നഗരസഭ തയ്യാറാക്കായിട്ടുളളത്. ഘട്ടം ഘട്ടമായി എല്ലാ വാര്‍ഡിലും പദ്ധതി നടപ്പാക്കും.
നഗരസഭാധ്യക്ഷ കെ വി ലളിത നെല്‍ വിത്തിട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷന്‍ പി വി കുഞ്ഞപ്പന്‍ അധ്യക്ഷനായി. സെക്രട്ടറി എം കെ ഗിരീഷ് പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ വി ബാലന്‍, സി ജയ, ടി പി സമീറ, വി വി സജിത, ടി വിശ്വനാഥന്‍, കൗണ്‍സിലര്‍മാരായ പി ഭാസ്‌കരന്‍, കെ കെ ഫല്‍ഗുനന്‍, പദ്ധതി സ്റ്റാഫ് പി കെ അമ്പിളി, ജിഷ കൃഷ്ണന്‍, ഷൈനി, മനോജ് കുമാര്‍, പാടശേഖരസമിതി പ്രവര്‍ത്തകര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.