ചണ്ഡീഗഡ്: പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച തീരുമാനം നവ്ജ്യോത് സിങ് സിദ്ദു പിൻവലിച്ചു. അഹംഭാവം കൊണ്ടല്ല രാജിക്കത്ത് നൽകിയതെന്നും വിശ്വസ്തനായ കോൺഗ്രസ് പ്രവർത്തകനായി എന്നും തുടരുമെന്നും സിദ്ദു പറഞ്ഞു.
രാജിപ്രഖ്യാപിച്ചിരുന്നെങ്കിലും ഹൈക്കമാന്‍ഡ് സിദ്ദുവിന്റെ രാജി അംഗീകരിച്ചിരുന്നില്ല. ചരൺജിത് സിങ് ചാന്നി മുഖ്യമന്ത്രിയാകുകയും മന്ത്രിസഭ പുനഃസംഘടിപ്പിക്കുകയും ചെയ്തതിന് പിന്നാലെ സെപ്റ്റംബർ 28നാണ് സിദ്ദു പഞ്ചാബ് പി സി സി അധ്യക്ഷ സ്ഥാനം രാജിവച്ചത്.
സംസ്ഥാന സര്‍ക്കാര്‍ തീരുമാനങ്ങള്‍ എടുക്കുന്നത് തന്നോട് ആലോചിച്ചായിരിക്കണമെന്ന നിബന്ധന നേരത്തെ സിദ്ദു മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ പുതിയ പഞ്ചാബ് മുഖ്യമന്ത്രി കൂടിയാലോചന നടത്താതിരുന്നതോടുകൂടിയാണ് സിദ്ദു അതൃപ്തി അറിയിച്ചത്.
മന്ത്രിസഭാ പുനഃസംഘടനയെ ചൊല്ലിയും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. സിദ്ദുവിന്‍റെ രാജി ഹൈക്കമാന്‍ഡ് അംഗീകരിച്ചില്ലെങ്കിലും സിദ്ദു എന്തെങ്കിലും നിബന്ധന മുന്നോട്ടുവെച്ചാല്‍ സമ്മര്‍ദത്തിന് വഴങ്ങേണ്ടെന്ന് ഹൈക്കമാന്‍ഡ് പഞ്ചാബ് മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെ രാജി പിന്‍വലിച്ചതായി സിദ്ദു പ്രഖ്യാപിക്കുകയായിരുന്നു.