2030 വനനശീകരണം അവസാനിപ്പിക്കും, ഒപ്പിട്ട് 110 രാജ്യങ്ങള്‍: നശീകരണത്തിന് ഫണ്ടിറക്കില്ലെന്ന് മുപ്പതിലേറെ വമ്പന്‍ ധനകാര്യസ്ഥാപനങ്ങളും

ഗ്ലാസ്ഗോ: വനനശീകരണം 2030 ആകുമ്പോഴേക്ക് അവസാനിപ്പിക്കാന്‍ ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ (കോപ് 26) നിര്‍ണായകധാരണ. ഉച്ചകോടിയില്‍ ഉരുത്തിരിഞ്ഞ ആദ്യകരാറില്‍ 110 രാഷ്ട്രത്തലവന്‍മാരാണ് ഒപ്പിട്ടത്. വനനശീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മുതല്‍മുടക്ക് അവസാനിപ്പിക്കാമെന്നു ലോകത്തെ മുപ്പതിലേറെ വമ്പന്‍ ധനകാര്യസ്ഥാപനങ്ങളും ഉറപ്പുനല്‍കി. അവിവ, ഷ്രോഡേഴ്സ്, അക്സാ തുടങ്ങിയ കമ്പനികള്‍ ഇതിലുള്‍പ്പെടുന്നു. വലിപ്പത്തില്‍ ലോകത്തു രണ്ടാംസ്ഥാനത്തുള്ള കോംഗോയിലെ മഴക്കാടുകള്‍ സംരക്ഷിക്കാന്‍ ഈ സ്ഥാപനങ്ങള്‍ 100 കോടിയിലേറെ ഡോളറിന്റെ ഫണ്ട് രൂപീകരിക്കും. ”ലോകത്തിന്റെ ശ്വാസകോശം” എന്നറിയപ്പെടുന്ന ആമസോണ്‍ മഴക്കാടുകള്‍ വെട്ടിവെളുപ്പിക്കുന്നതിന്റെ പേരില്‍ ആരോപണവിധേയരായ ബ്രസീലും കരാറിന്റെ ഭാഗമാണ്. പൊതു-സ്വകാര്യമേഖലയില്‍നിന്ന് ഏകദേശം 14,000 കോടി ഡോളര്‍ സമാഹരിച്ചാകും വനസംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക.
കരാറിനെ പരിസ്ഥിതി വിദഗ്ധര്‍ സ്വാഗതം ചെയ്തെങ്കിലും 2014-ലെ സമാനമായ കരാര്‍ വനനശീകരണം തടയുന്നതില്‍ പരാജയപ്പെട്ടതും അവര്‍ ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതി സംരക്ഷണചരിത്രത്തില്‍ നാഴികക്കല്ലാകുന്ന കരാറിന്റെ ഭാഗമാകാന്‍ മുമ്പില്ലാത്തവിധം രാഷ്ട്രത്തലവന്‍മാര്‍ മുേന്നാട്ടുവന്നതിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അഭിനന്ദിച്ചു. സ്‌കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ നടക്കുന്ന ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതു ബ്രിട്ടനാണ്. വനങ്ങള്‍ തുടച്ചുനീക്കപ്പെടുന്നതു തടയാന്‍ നമുക്കു ബാധ്യതയുണ്ട്. പ്രകൃതിയെ കീഴടക്കുന്നവര്‍ എന്നതില്‍നിന്ന് ്രപകൃതിയുടെ സംരക്ഷകര്‍ എന്ന നിലയിലേക്കു മാനവരാശി മാറണം- ബോറിസ് ജോണ്‍സണ്‍ ആഹ്വാനം ചെയ്തു.

ലോകത്തെ വനഭൂമിയുടെ 85% ഉള്‍പ്പെടുന്ന കാനഡ, ബ്രസീല്‍, യു.എസ്, ഇന്തോനീഷ്യ, റഷ്യ, െചെന, കോംഗോ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ പുതിയ കരാറിന്റെ ഭാഗമാണ്. കരാര്‍പ്രകാരം ചെലവഴിക്കുന്ന ഫണ്ടിന്റെ ഒരുഭാഗം വികസ്വരരാജ്യങ്ങളിലെ നശിപ്പിക്കപ്പെട്ട ഭൂമി വീണ്ടെടുക്കാനും കാട്ടുതീ തടയാനും തദ്ദേശീയരായ ആദിവാസി വിഭാഗങ്ങളെ പിന്തുണയ്ക്കാനും ഉപയോഗപ്പെടുത്തും. ഭക്ഷ്യവസ്തുക്കളുടെയും പാംഓയില്‍, സോയ, കൊക്കോ തുടങ്ങിയ കാര്‍ഷികോത്പന്നങ്ങളുടെയും ആഗോളവ്യാപാരമേഖലയില്‍ വനനശീകരണം ഒഴിവാക്കാനുള്ള കരാറില്‍ 28 രാജ്യങ്ങള്‍ ഒപ്പുവച്ചു. കൃഷിക്കും മേച്ചില്‍പ്പുറങ്ങള്‍ക്കുമായി വനം വെട്ടിവെളിപ്പിക്കുന്നതില്‍ ഈ വ്യവസായത്തിനു വലിയപങ്കാണുള്ളത്.

Share
അഭിപ്രായം എഴുതാം