ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രീമിയം യഥാസമയം അടച്ചിട്ടില്ലെങ്കില്‍ പോളിസി ക്ലെയിം നിഷേധിക്കപ്പെടാവുന്നതാണെന്ന് സുപ്രീം കോടതി. ഇന്‍ഷുറന്‍സ് പോളിസികളുടെ നിബന്ധനകള്‍ വ്യാഖ്യാനിക്കുമ്പോള്‍ കരാര്‍ തിരുത്താന്‍ അനുവദിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ബേല എം. ത്രിവേദിയും ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയുടെ മുന്നിലെത്തിയ കേസിലെ പരാതിക്കാരിയുടെ ഭര്‍ത്താവ് എല്‍.ഐ.സിയുടെ ജീവന്‍ സുരക്ഷാ യോജനയുടെ കീഴില്‍ 3,75,000 രൂപയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ എടുത്തിരുന്നു. മരണം അപകടം മൂലം ഉണ്ടാവുകയാണെങ്കില്‍ അധികമായി 3,75,000 ലക്ഷം രൂപയും പരിരക്ഷയായി ലഭിക്കുമായിരുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ അപകടമരണത്തെത്തുടര്‍ന്ന് പരാതിക്കാരി ക്ലെയിമുമായി എല്‍.ഐ.എസിയെ സമീപിച്ചപ്പോള്‍ 3.75 ലക്ഷം രൂപയാണ് നല്‍കിയത്. ഇതു ചോദ്യം ചെയ്തു പരാതിക്കാരി ജില്ലാ ഉപഭോക്തൃഫോറത്തെ സമീപിച്ചപ്പോള്‍ അനുകൂലവിധി വന്നു.
സംസ്ഥാന ഉപഭോക്തൃസമിതി അപ്പീല്‍ അനുവദിച്ചെങ്കിലും ദേശീയ ഉപഭോക്തൃ കമ്മിഷന്‍ ജില്ലാ ഫോറത്തിന്റെ വിധി ശരിവച്ചു. എന്നാല്‍ സുപ്രീം കോടതിയുടെ മുന്നിലെത്തിയ കേസില്‍ അപകടം നടക്കുന്ന സമയത്തു പോളിസി പ്രാബല്യത്തിലായിരിക്കണമെന്നു നിബന്ധനയില്‍ വ്യക്തമായി പറയുന്നുണ്ടെന്ന് എല്‍.ഐ.സി. ചൂണ്ടിക്കാട്ടി. അപകടം നടക്കുന്നതിന് അഞ്ചുമാസം മുമ്പ് പോളിസി ലാപ്സായതാണെന്നും പിന്നീട് അപകടം നടന്നത് മറച്ചുവച്ചാണ് പോളിസി പുതുക്കിയതെന്നും എല്‍.ഐ.സി. ചൂണ്ടിക്കാട്ടി. ഇതുപരിഗണിച്ചു സുപ്രീം കോടതി കേസ് തള്ളുകയായിരുന്നു.