ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്തലി ബെന്നറ്റുമായി ആദ്യ കൂടികാഴ്ച നടത്തി മോദി

ഗ്ലാസ്ഗൊ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്തലി ബെന്നറ്റുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷമുള്ള ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയാണ് നടന്നത്. സിഒപി 26 ഉച്ചകോടിക്കിടയിലാണ് ഇരുവരും പരസ്പരം കണ്ടത്. ഇരുവരും തമ്മില്‍ സംസാരിക്കുന്ന ഒരു ചിത്രം ബെന്നറ്റ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും പരസ്പരം തോളില്‍ കൈവച്ചുനില്‍ക്കുന്ന ഒരു ചിത്രമാണ് ബെന്നറ്റ് പങ്കുവച്ചത്. ‘അവസാനം താങ്കളെ കണ്ടു’ എന്ന ശീര്‍ഷകത്തോടെ പ്രധാനമന്ത്രിയുടെ ഓഫിസ് ഒരു വീഡിയോയും പുറത്തുവിട്ടു. നരേന്ദ്രമോദിയും ബെന്നറ്റും ഫോണില്‍ സംസാരിച്ചിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ഉഭയകക്ഷി ബന്ധം മെച്ചപ്പെട്ടതില്‍ നേതാക്കള്‍ തൃപ്തി പ്രകടിപ്പിച്ചു. കാര്‍ഷികരംഗം, ജലം, പ്രതിരോധം, സുരക്ഷ, സൈബര്‍ സുരക്ഷ എന്നീ മേഖലയില്‍ ഇസ്രായേലുമായുള്ള സഹകരണം ഇന്ത്യ വിലമതിക്കുന്നുവെന്ന് മോദി പറഞ്ഞു. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ മന്ത്രിയായ ശേഷം നടത്തിയ ആദ്യ സന്ദര്‍ശനത്തില്‍ ഇന്ത്യാ-ഇസ്രായേല്‍ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വഹിച്ച പങ്കിനെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്നറ്റ് ശ്ലാഘിച്ചിരുന്നു. ”ഞാന്‍ ഇസ്രായേലിനു വേണ്ടിയാണ് സംസാരിക്കുന്നത്. ഞങ്ങള്‍ ഇന്ത്യയെ സ്നേഹിക്കുന്നു. ഇന്ത്യയെ ഞങ്ങള്‍ സുഹൃത്തായാണ് കാണുന്നത്. വിവിധ രംഗങ്ങളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതില്‍ ഈ കൂടിക്കാഴ്ച ഗുണം ചെയ്യും”- ജയ്ശങ്കറിനോട് ബെന്നറ്റ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം