വിയറ്റ്‌നാമിൽ സർക്കാരിന് എതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട അഞ്ചുപേർക്ക് തടവ് ശിക്ഷ

വിയറ്റ്‌നാമിൽ സർക്കാറിന് എതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ അഞ്ച് മാധ്യമപ്രവർത്തകർക്ക് തടവുശിക്ഷ. മൂന്ന് വർഷത്തേക്ക് മാധ്യമപ്രവർത്തന വിലക്കും ഏർപ്പെടുത്തി. സർക്കാർ വിരുദ്ധ വാർത്തകർ പ്രചരിപ്പിച്ചു എന്ന കുറ്റം ആരോപിച്ചാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. ഇതിൽ ക്ലീൻ ന്യൂസ്‌പേപ്പർ എഡിറ്ററും മുതിർന്ന മാധ്യമ പ്രവർത്തകനുമായ ട്രുവോംഗ് ഹൂ ഡാനിന് നാലര വർഷം തടവാണ് വിധിച്ചത്. മറ്റ് നാല് മാധ്യമപ്രവർത്തകരെ രണ്ടര വർഷം തടവിനുമാണ് ശിക്ഷിച്ചത്. ജയിലിൽനിന്നിറങ്ങിയാലും മൂന്ന് വർഷം മാധ്യമപ്രവർത്തനം നടത്തുന്നതിൽനിന്നും കോടതി ഇവരെ വിലക്കിയിട്ടുണ്ട്.

ഈ മാധ്യമപ്രവർത്തകർ ഈയടുത്തായി ഫേസ്ബുക്കിൽ ക്ലീൻ ന്യൂസ്‌പേപ്പർ എന്ന പേരിൽ ഒരു വാർത്താ മാധ്യമം ആരംഭിച്ചിരുന്നു. സർക്കാറിനെ വിമർശിക്കുകയും തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന വാർത്തകളാണ് ഈ ഫേസ്ബുക്ക് പേജിൽ വരുന്നതെന്നാണ് ഇവർക്ക് എതിരായി വിയറ്റ്‌നാമീസ് പൊലീസ് ചുമത്തിയ കുറ്റം.സർക്കാറിന് എതിരെ ഇവർ വ്യാജവാർത്തകൾ പടച്ചുണ്ടാക്കുകയും മോശമായ വിധത്തിൽ സോഷ്യൽ മീഡിയയിലൂടെ അവ പ്രചരിപ്പിക്കുകയും ചെയ്യുന്നതായി കോടതി വിധിയിൽ പറയുന്നു.

സോഷ്യൽ മീഡിയാ അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ വിയറ്റ്‌നാം സർക്കാർ നിരവധി പേരെയാണ് അടുത്തകാലത്ത് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. എന്നാൽ, കോടതി വിധിക്കെതിരെ മനുഷ്യാവകാശ സംഘടനകൾ രൂക്ഷമായി പ്രതികരിച്ചു. മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും ശത്രുക്കളായാണ് വിയറ്റ്‌നാമീസ് ഭരണകൂടം കാണുന്നത് എന്നും സിറ്റിസൺ ജേണലിസ്റ്റുകളെ അടക്കം ജയിലിലടക്കുകയുമാണ് എന്നും ഹ്യൂമൻ റൈറ്റ്‌സ് വാച്ച് വാർത്താ കുറിപ്പിൽ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →