പാലക്കാട്: സി.പി.എം വാളയാർ ലോക്കൽ സമ്മേളനത്തിൽ സംഘർഷം. ലോക്കൽ കമ്മറ്റി വിഭജിക്കുന്നതിനെതിരെയുള്ള പ്രതിഷേധമാണ് സംഘർഷത്തിലേക്ക് എത്തിയത്. സമ്മേളന ഹാളിലെ കസേരകളും മേശകളും വലിച്ചെറിഞ്ഞു. ഒരു വിഭാഗം വേദിയിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി.
ഇതേത്തുടർന്ന് സമ്മേളന നടപടികൾ താത്കാലികമായി നിർത്തിവച്ചു. 34 ബ്രാഞ്ച് കമ്മിറ്റികളാണ് വാളയാർ ലോക്കൽ കമ്മിറ്റിക്ക് കീഴിൽ ഉണ്ടായിരുന്നത്. അത് വാളയാർ, ചുള്ളിമട എന്നിങ്ങനെ വിഭജിക്കാനായിരുന്നു തീരുമാനം. ചുള്ളിമടയ്ക്ക് കീഴിൽ 20 ബ്രാഞ്ച് കമ്മിറ്റികളും വാളയാറിന് കീഴിൽ 14 ബ്രാഞ്ച് കമ്മിറ്റികളുമായാണ് നിശ്ചയിച്ചത്. ഇതാണ് തർക്കത്തിലേക്കും സംഘർഷത്തിലേക്കും നയിച്ചത്.