യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

തൃശൂർ: മണ്ണുത്തി പറവട്ടാനിയിൽ ചുങ്കത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒല്ലൂക്കര സ്വദേശികളായ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള അമൽ സ്വാലിഹും, ഗൂഢാലോചനയിൽ പങ്കുള്ള സൈനുദ്ധീൻ, നവാസ് എന്നിവരുമാണ് അറസ്റ്റിലായത്.

ഒല്ലൂക്കര തിരുവാണിക്കാവ് കരിപ്പാക്കുളം വീട്ടിൽ ഷെമീറിനെ (38) വെട്ടിക്കൊന്ന കേസിലാണ് അറസ്റ്റ് . 2021ഒക്ടോബർ 22 വെള്ളിയാഴ്ചയാണ് കൊലപാതകം നടന്നത്. വൈകീട്ട് പറവട്ടാനി ചുങ്കം ബസ്സ്‌റ്റോപ്പിനടുത്ത് വെച്ച് ഓട്ടോറിക്ഷയിലെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഷമീർ പിക്കപ്പ്‌വാനിൽ മീൻ കച്ചവടം നടത്തുന്നതിനിടയിലായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഷെമീറിനെ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷെമീറെന്നും വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും സിറ്റി പൊലീസ് കമ്മീഷണർ ആർ.ആദിത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.

Share
അഭിപ്രായം എഴുതാം