ആര്യന്‍ ഖാനു ജാമ്യം; വാദം ഇന്ന് തുടരും

മുംബൈ: ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ബോംബെ ഹൈക്കോടതി ഇന്നു വാദം തുടരും. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയടക്കം പ്രമുഖ അഭിഭാഷകരുടെ വന്‍നിരയാണ് ഇന്നുച്ചയ്ക്കു രണ്ടരയ്ക്ക് ആര്യനു വേണ്ടി വാദം തുടരുക. വാദം നീണ്ടതോടെ, ഒക്ടോബര്‍ രണ്ടിന് അറസ്റ്റിലായ ആര്യന് ഇന്നലെ രാത്രിയും ജയിലില്‍ തുടരേണ്ടിവന്നു. കൊര്‍ഡീലിയ ക്രൂസ് കപ്പലിലെ പാര്‍ട്ടിയില്‍ അതിഥിയായി പങ്കെടുക്കുക മാത്രമാണു ചെയ്തതെന്നാണ് ആര്യന്റെ വാദം. അതിനിടെ, കേസിലെ രണ്ടു പ്രതികള്‍ക്ക് ഇന്നലെ മുംെബെയിലെ പ്രത്യേക കോടതി ജാമ്യമനുവദിച്ചു. മനീഷ് രാജ്ഗരിയ, അവിന്‍ സാഹു എന്നിവര്‍ക്കാണു ജാമ്യം ലഭിച്ചത്. ഈ മയക്കുമരുന്നു കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ വിജിലന്‍സ് വിഭാഗം ഇന്നു ചോദ്യംചെയ്യും. ആര്യന്റെ അച്ഛനും പ്രമുഖ ബോളിവുഡ് നടനുമായ ഷാരുഖ് ഖാനില്‍നിന്നു പണം തട്ടാനായി ആര്യനെ കുടുക്കുകയായിരുന്നെന്ന ആരോപണത്തിലാണു വിജിലന്‍സ് അന്വേഷണം. കേസില്‍ സാക്ഷിയായ പ്രഭാകര്‍ സെയിലാണ് ഈ ആരോപണമുന്നയിച്ചത്. ഇയാളെയും സാക്ഷിപ്പട്ടികയിലുള്ള സ്വകാര്യ ഡിറ്റക്ടീവ് കെ.പി. ഗോസാവിയെയും വിജിലന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ജ്ഞാനേശ്വര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ഇന്നു ചോദ്യം ചെയ്യും. ഗോസാവിയുടെ അംഗരക്ഷകനാണു പ്രഭാകര്‍ സെയില്‍.

Share
അഭിപ്രായം എഴുതാം