കൊണ്ടോട്ടി പീഡന ശ്രമം: പ്രതി മലയാളിയെന്ന് സംശയിക്കുന്നതായി പൊലീസ്

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രതിക്കായുള്ള തെരച്ചിൽ ഊർജിതമാക്കി പൊലീസ്. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. പ്രതി മലയാളിയെന്നാണ് സൂചനയെന്നും എസ്പി പറഞ്ഞു. പരിസരത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചിട്ടുണ്ട്.

25/10/21 തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ നിന്ന് തലനാരിഴക്കാണ് പെൺകുട്ടി രക്ഷപ്പെട്ടത്. കൊണ്ടോട്ടി കൊട്ടുകരയിൽ പട്ടാപകലാണ് സംഭവം. കോളേജിലേക്ക് പോവുകയായിരുന്ന 21 കാരിയെ ആളൊഴിഞ്ഞ സ്ഥലത്തു കാത്തുനിന്ന ആൾ കീഴ്പെടുത്തി വയലിലെ വാഴ തോട്ടത്തിലേക്കു പിടിച്ചു വലിച്ച് കൊണ്ടുപോവുകയായിരുന്നു.

വസ്ത്രങ്ങൾ വലിച്ചു കീറാൻ ശ്രമിച്ചു. തലയിൽ കല്ലു കൊണ്ടടിച്ചു. ഇടക്ക് പെൺകുട്ടി കുതറി മാറി . പ്രതി പിറകെ വന്നെങ്കിലും തൊട്ടടുത്ത വീട്ടിലേക്ക് ഓടി കയറി രക്ഷപ്പെടുകയായിരുന്നു.

പെൺകുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ പ്രതിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പരിക്കേറ്റ പെൺകുട്ടി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും , പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജിലും ചികിൽസ തേടി. പരിക്ക് ഗുരുതരമല്ല.

പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവസ്ഥലത്ത് നിന്നു ലഭിച്ചു. പരിസരത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് പ്രതിക്കായി പൊലീസ്അന്വേഷണം തുടരുകയാണ്. മലപ്പുറത്തു നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

Share
അഭിപ്രായം എഴുതാം