പ്രഖ്യാപനം നടത്തി
കണ്ണൂർ: ഭൗമ വിവര സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംസ്ഥാനത്തെ ആദ്യ കോര്‍പ്പറേഷനായി കണ്ണൂര്‍. കണ്ണൂര്‍ കോര്‍പ്പറേഷന്റെ ജിഐഎസ് മാപ്പിങ്ങ് പദ്ധതിയായ ദൃഷ്ടിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനം കെ സുധാകരന്‍ എംപി നിര്‍വ്വഹിച്ചു.
നഗരാസൂത്രണവും സമഗ്രവികസനവും ലക്ഷ്യമിട്ട് നടപ്പാക്കിയ ദൃഷ്ടി വെബ്‌പോര്‍ട്ടലില്‍ കോര്‍പ്പറേഷനിലെ ഒരു ലക്ഷത്തോളം വരുന്ന കെട്ടിടങ്ങള്‍, റോഡുകള്‍, തണ്ണീര്‍ത്തടങ്ങള്‍, പാര്‍ക്കുകള്‍, ലാന്റ്മാര്‍ക്കുകള്‍ തുടങ്ങി കോര്‍പ്പറേഷന്‍ പരിധിയിലെ മുഴുവന്‍ വസ്തുക്കളുടെയും വിവരങ്ങള്‍ ഫോട്ടോ സഹിതം ലഭിക്കും. യു എല്‍ ടി എസാണ് പോര്‍ട്ടല്‍ തയ്യാറാക്കിയത്. ആധുനികതയിലൂന്നിയ നഗരാസൂത്രണം, കൃത്യതയാര്‍ന്ന പദ്ധതി വിഭാവനം, നിര്‍വ്വഹണം, ക്ഷേമ പദ്ധതികള്‍ ഏറ്റവും അര്‍ഹരായവരില്‍ എത്തിക്കുക എന്നിവ പോര്‍ട്ടലിന്റെ സഹായത്തോടെ സാധ്യമാകും. കൃഷി, ആരോഗ്യം, വ്യവസായം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലെ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കാനും കഴിയും. ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും തങ്ങള്‍ക്കാവശ്യമുള്ള സ്ഥലങ്ങളിലെ വിവരങ്ങള്‍ ആവശ്യമായ രീതിയില്‍ വിശകലനം ചെയ്യാനും ആവശ്യമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനും ഇത് സഹായകമാകും. ഇവ കോര്‍പ്പറേഷന്റെയും മറ്റു സര്‍ക്കാര്‍ വകുപ്പുകളുടെയും രേഖകളുമായി താരതമ്യം ചെയ്യാം. കൂടാതെ ഭൗമശാസ്ത്രപരമായ വിശകലനം, വിവിധ കാലങ്ങളില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ സംബന്ധിച്ചുള്ള വിശകലനം എന്നിവയും പോര്‍ട്ടലില്‍ സാധ്യമാകും.
ചേമ്പര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ അധ്യക്ഷനായി. ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഷമീമ ടീച്ചര്‍, പി ഇന്ദിര, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്‍, സുരേഷ്ബാബു എളയാവൂര്‍, കൗണ്‍സിലര്‍ മുസ്ലിഹ് മഠത്തില്‍, സെക്രട്ടറി ഡി സാജു, മുന്‍മേയര്‍മാരായ സുമ ബാലകൃഷ്ണന്‍, സി സീനത്ത്, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ജിഐഎസ് ഹെഡ് ജെയ്ക്ക് ജേക്കബ് എന്നിവര്‍ പങ്കെടുത്തു.