മാനാഞ്ചിറ – വെള്ളിമാടുകുന്ന്‌ റോഡ്‌ പ്രവർത്തി വേഗത്തിലാക്കുന്നു

കോഴിക്കോട്‌ മാനാഞ്ചിറ – വെള്ളിമാടുകുന്ന്‌ റോഡ്‌  പ്രവർത്തി വേഗത്തിലാക്കാൻ തീരുമാനം.  മന്ത്രി പി എ മുഹമ്മദ്‌ റിയാസിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത്‌ ചേർന്ന യോഗത്തിലാണ്‌ തീരുമാനം. റോഡ് നവീകരണത്തിനായുള്ള സ്ഥലമേറ്റെടുക്കൽ വേഗത്തിലാക്കും. എരഞ്ഞിപ്പാലം മുതൽ മലാപ്പറമ്പ്‌ വരെ ഏറ്റെടുത്ത സ്ഥലം  അനുയോജ്യമാക്കിയെടുക്കാൻ ധാരണയായി. നിർമ്മാണത്തിന്  സ്ഥലമൊരുക്കുന്നതിനായി സജ്ജമാക്കുന്നതിനുള്ള പ്രവൃത്തികൾക്ക് എസ്‌റ്റിമേറ്റ്‌ തയ്യാറാക്കാൻ പൊതുമരാമത്ത്‌ ദേശീയപാത വിഭാഗത്തെ ചുമതലപ്പെടുത്തി. എസ്റ്റിമേറ്റ്‌ ലഭിച്ചാലുടൻ പരിശോധിച്ച് ഫണ്ട്‌ അനുവദിക്കാനും യോഗം തീരുമാനിച്ചു. 

 ഭൂമിഏറ്റെടുക്കൽ നിയമപ്രകാരം ഇനിയുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കും. നിയമത്തിലെ 11–1  വിജ്ഞാപനത്തിനുള്ള പ്രവർത്തി പുരോഗതി യോഗം വിലയിരുത്തി. സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട്‌ പരിസ്ഥിതി  ആഘാത പഠനത്തിന്റെ ഭാഗമായി 27ന്‌  പബ്ലിക് ഹിയറിങ്‌ നടത്തും. ഇതിന്റെ റിപ്പോർട്ട് കൂടി ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കും. റോഡ്‌ വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്തുള്ള കെട്ടിടങ്ങളുടെ മൂല്യനിർണയവും ഉടൻ പൂർത്തീകരിക്കും. നിലവിൽ വിട്ടുകിട്ടിയ സർക്കാർ ഭൂമിയിലെ ജല സംഭരണി, ട്രാൻസ്‌ഫോർമർ എന്നിവ മാറ്റാനും ധാരണയായിട്ടുണ്ട്‌. ഇതിനുള്ള എസ്റ്റിമേറ്റ്‌ തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്ക്‌ നിർദേശം നൽകി.

വിദശമായ പദ്ധതിരേഖ ഉടൻ തയ്യാറാക്കുന്നതിന്‌ മുന്നോടിയായി  ഇൻവെസ്റ്റിഗേഷൻ എസ്‌റ്റിമേറ്റ് പരിശോധിച്ച് അനുമതി നൽകാൻ കേരള റോഡ്‌ ഫണ്ട്‌ ബോർഡ്‌(കെആർഎഫ്‌ബി) ഉദ്യേഗാസ്ഥരോടും നിർദേശിച്ചു. യോഗത്തിൽ  തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, എസ്‌ സാംബശിവറാവു ഐ എ എസ്, കെ ആർ എഫ് ബി പ്രൊജക്ട് ഡയറക്ടർ, നോഡൽ ഓഫീസർ തുടങ്ങിയവരും പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം