പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം; പഞ്ചാബ് പിസിസി അധ്യക്ഷനായി സിദ്ദു തുടരും

ചണ്ഡീഗഡ്: പഞ്ചാബ് പിസിസി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു തുടരും. ഹൈക്കമാന്‍ഡുമായി നടത്തിയ ചര്‍ച്ചയിലാണ് സമവായമുണ്ടായത്. ഹൈക്കമാന്‍ഡ് എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് സിദ്ദു പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം 15/10/21 വെളളിയാഴ്ച ഉണ്ടാകും. പിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് 72 ദിവസങ്ങള്‍ക്ക് ശേഷമുള്ള സിദ്ദുവിന്റെ രാജി ഹൈക്കമാന്‍ഡിന് തലവേദന ഉണ്ടാക്കിയിരുന്നു.

പുതിയ മന്ത്രിസഭ രൂപീകരണത്തിലടക്കം സിദ്ദു ഉയര്‍ത്തിയ സമ്മര്‍ദ്ദം അവഗണിക്കാന്‍ ആദ്യം ഹൈക്കമാന്‍ഡ് തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് കാര്യങ്ങള്‍ സമവായത്തിലേക്കെത്തി. എഎഐസിസി ആസ്ഥാനത്ത് മുതിര്‍ന്ന നേതാവ് ഹരീഷ് റാവത്ത്,കെസി വേണുഗോപാല്‍ എന്നിവരുമായി ഒന്നര മണിക്കൂറോളമാണ് സിദ്ധു ചര്‍ച്ച നടത്തിയത്.

പിസിസി അധ്യക്ഷനായി സിദ്ദു തുടരുമെന്ന് ചര്‍ച്ചക്ക് ശേഷം ശേഷം പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് പ്രതികരിച്ചു. ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്നായിരിന്നു സിദ്ദുവിന്റെ വാക്കുകള്‍.

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം കണ്ടതിന്റെ ആശ്വാസത്തിലാണ് ഹൈക്കമാന്‍ഡും ഉള്ളത്.

Share
അഭിപ്രായം എഴുതാം