ആനവണ്ടിയെ രക്ഷിക്കാൻ ഓട്ടോറിക്ഷയുമായി കെ എസ് ആർ ടി സി

തിരുവനന്തപുരം: ആനവണ്ടിയെ രക്ഷിക്കാൻ ഓട്ടോറിക്ഷാ പരീക്ഷണത്തിനൊരുങ്ങി കെഎസ്ആര്‍ടിസി. 30 ഇലക്ട്രിക്ക് ഓട്ടോകള്‍ കെടിഡിഎഫ്‌സി വഴി വാങ്ങി വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജുവാണ് നിയമസഭയില്‍ അറിയിച്ചത്.

തിരക്കുള്ള സ്ഥലങ്ങളില്‍ നിന്ന് ബസ് സ്റ്റാന്‍ഡുകളിലേക്ക് യാത്രക്കാരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആര്‍ടിസി പുത്തൻ പരീക്ഷണത്തിന് മുതിരുന്നത്. ആദ്യഘട്ടത്തിലാണ് 30 ഇലക്ട്രിക്ക് ഓട്ടോറിക്ഷകള്‍. രണ്ടാം ഘട്ടമാകുമ്പോഴേക്കും 500 ഇലക്ട്രിക്ക് ഓട്ടോറിക്ഷകള്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ നിരത്തിലിറക്കാനാണ് കെഎസ്ആര്‍ടിസിയുടെ പദ്ധതി.
മൂന്നാം ഘട്ടത്തില്‍ ഇലക്ട്രിക്ക് കാറും വാങ്ങുമെന്ന് മന്ത്രി അറിയിച്ചു.

തിരുവനന്തപുരം നഗരത്തിനായി 50 വൈദ്യുതിബസുകള്‍ വാങ്ങുമെന്നും ഇതിനായി 47.5 കോടി കിഫ്ബി വഴി അനുവദിച്ചിട്ടുണ്ടെന്നും ഇ.ടി. ടൈസന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.

ഇരുചക്രവാഹനം ഉപയോഗിച്ച് തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്കായി ഈ സാമ്പത്തികവര്‍ഷം മുതല്‍ 10,000 ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും 5000 ഇലക്ട്രിക് ഓട്ടോറിക്ഷയും വാങ്ങാന്‍ 200 കോടിയുടെ വായ്പപ്പദ്ധതി ധനകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് രൂപംനല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →