കൊച്ചി: സിനിമാ സംവിധായകന്‍ അലി അക്ബര്‍ ബി.ജെ.പി സംസ്ഥാന സമിതി അംഗത്വം രാജിവെച്ചു. സംസ്ഥാന നേതൃത്വത്തില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതിനിടെയാണ് രാജി.
ചില ആനുകാലിക സംഭവങ്ങള്‍ ഹൃദയത്തെ വേട്ടയാടി, ഉത്തരവാദിത്തങ്ങളൊഴിഞ്ഞ് പക്ഷങ്ങളില്ലാതെ മുന്നോട്ടുപോവുമെന്നും അലി അക്ബര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു.
”ഒരു മുസല്‍മാന്‍ ഭാരതീയ ജനതാപാര്‍ട്ടിയില്‍ നിലകൊള്ളുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന തെറിവിളികള്‍, സ്വകുടുംബത്തില്‍ നിന്നും സമുദായത്തില്‍ നിന്നും നേരിടേണ്ടി വരുന്ന അവഹേളനം ഇതൊക്കെ സാമാന്യ ജനങ്ങള്‍ക്ക് മനസ്സിലായി എന്ന് വരില്ല, പക്ഷെ രാഷ്ട്രീയ നേതൃത്വത്തിന് മനസ്സിലാവണമെന്നും അലി അക്ബര്‍ പറഞ്ഞു.
അധികാരവും ആളനക്കവുമുള്ളപ്പോള്‍ ഓടിക്കൂടിയ എന്നെപ്പോലുള്ളവരെക്കുറിച്ചല്ല ഞാന്‍ പറയുന്നത്, വര്‍ഷങ്ങള്‍ക്കു മുന്‍പേ സംഘിപ്പട്ടം കിട്ടിയ മുസ്‌ലിങ്ങളെക്കുറിച്ചാണ്, അവരൊക്കെ കഴിഞ്ഞ പൗരത്വ വിഷയ സമയത്തൊക്കെ കേരളത്തില്‍ ഓടി നടന്നു പ്രവര്‍ത്തിക്കുന്നതും കണ്ടു. ഒരുപാട് പേരെ എനിക്കറിയാം. മുന്‍പ് പറഞ്ഞ സാമൂഹിക വേട്ടയാടലിനെ കൂസാക്കാതെ ധര്‍മ്മത്തെ അറിഞ്ഞു പുല്‍കിയവര്‍. രാഷ്ട്രം എന്ന വികാരത്തോടെ ചലിച്ചവര്‍. അത്തരത്തില്‍ ചിലരെ വേട്ടയാടുന്നത് കണ്ടു. വേദനയുണ്ട്. ഒരുവനു നൊന്താല്‍ അത് പറയണം, പ്രതിഫലിപ്പിക്കണം, അത് സമാന്യയുക്തിയാണ്, ”അലി അക്ബര്‍ പറഞ്ഞു.
ബി.ജെ.പി സംസ്ഥാന നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണമുന്നയിച്ചതിന് പിന്നാലെ സംസ്ഥാന സെക്രട്ടറി എ.കെ. നസീറിനെ കഴിഞ്ഞ ദിവസം ബി.ജെ.പി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.