ലഡാക്ക് സംഘര്‍ഷം: ചര്‍ച്ചയില്‍ ചൈനയ്ക്ക് നിസഹകരണഭാവമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ലഡാക്ക് സംഘര്‍ഷം സംബന്ധിച്ച് ഇന്ത്യ ചൈന സൈനിക കമാന്‍ഡര്‍മാര്‍ നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞു. കഴിഞ്ഞ ഞായറാഴ്ച നടന്ന ചര്‍ച്ചയോടു ചൈന നിസഹകരണമനോഭാവമാണു പുലര്‍ത്തിയതെന്നും ദീര്‍ഘദര്‍ശിത്വമുള്ള നിര്‍ദേശങ്ങളൊന്നും മുന്നോട്ടുവച്ചില്ലെന്നും ഇന്ത്യ ആരോപിച്ചു.ചില മേഖലകളില്‍ തുടരുന്ന സംഘര്‍ഷം പരിഹരിക്കാന്‍ ഇന്ത്യ ക്രിയാത്മകനിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. എന്നാല്‍, ചൈന അതൊന്നും സമ്മതിച്ചില്ലെന്നും അതിനാല്‍ ചര്‍ച്ചയ്ക്കു ഫലമുണ്ടായില്ലെന്നും ഇന്ത്യന്‍ സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി. മേഖലയില്‍ സ്ഥിരത നിലനിര്‍ത്താനും പരസ്പരം ആശയവിനിമയം തുടരാനും ഇരുകൂട്ടരും സമ്മതിച്ചു. ഉഭയകക്ഷിക്കരാറുകളും പ്രോട്ടോക്കോളും പാലിച്ച് പ്രശ്നം പരിഹരിക്കാനും ബന്ധം ശക്തമാക്കാനും െചെന തയാറാകുമെന്നാണു പ്രതീക്ഷയെന്നും പ്രസ്താവനയില്‍ പറയുന്നു. ചര്‍ച്ച പരാജയപ്പെട്ടെന്നും ഇന്ത്യ യുക്തിരഹിതവും യാഥാര്‍ഥ്യബോധമില്ലാത്തതുമായ ആവശ്യങ്ങളാണ് ഉന്നയിച്ചതെന്നും ചൈനയുടെ വെസ്റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡ് ആരോപിച്ചു.

Share
അഭിപ്രായം എഴുതാം