68 വര്‍ഷത്തിന് ശേഷം എയര്‍ ഇന്ത്യ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കിയത് 18,000 കോടിക്ക്

ന്യൂഡല്‍ഹി: 68 വര്‍ഷം മുമ്പു ദേശസാല്‍ക്കരണത്തിലൂടെ കൈവിട്ടുപോയ എയര്‍ ഇന്ത്യ വീണ്ടും ടാറ്റയുടെ പക്കല്‍. 18,000 കോടി രൂപയ്ക്കാണു സര്‍ക്കാരിന്റെ പക്കലുള്ള മുഴുവന്‍ ഓഹരികളും ടാറ്റാ സണ്‍സിന്റെ ഉപ കമ്പനിയായ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കിയത്. ഡിസിന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് സെക്രട്ടറി തുഹിന്‍ കാന്താണു ലേലത്തില്‍ ടാറ്റയുടെ വിജയം പ്രഖ്യാപിച്ചത്. ഏറ്റെടുക്കല്‍ പ്രക്രിയ ഇക്കൊല്ലം ഡിസംബറോടെ പൂര്‍ത്തിയാകും. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവയുടെ 100 ശതമാനം ഓഹരികളും എയര്‍ ഇന്ത്യ സാറ്റ്സ് എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരിയുമാണ് ടാറ്റയുടെ െകെയിലെത്തുന്നത്.ആദ്യവര്‍ഷം ജീവനക്കാരില്‍ ആരെയും പിരിച്ചുവിടില്ല. രണ്ടാം വര്‍ഷത്തോടെ സ്വയം വിരമിക്കല്‍ പദ്ധതി ഏര്‍പ്പെടുത്തും. എല്ലാവര്‍ക്കും ഗ്രാറ്റുവിറ്റി, പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യങ്ങള്‍ നല്‍കും. അഞ്ചു വര്‍ഷത്തിനു ശേഷം ടാറ്റയ്ക്കു കമ്പനി വില്‍ക്കാനാകും. പക്ഷേ, എയര്‍ ഇന്ത്യ എന്ന ബ്രാന്‍ഡ് നാമം ഇന്ത്യയുടേതായി നിലനില്‍ക്കേണ്ടതിനാല്‍ ഇന്ത്യക്കാര്‍ക്കു മാത്രമേ വില്‍ക്കാനാകൂ.

2007 മുതല്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യക്ക് ആകെ 61,562 കോടി രൂപയുടെ കടമുണ്ട്. ഇതില്‍ 15,300 കോടി രൂപയുടെ കടം ടാറ്റ ഏറ്റെടുക്കും. സര്‍ക്കാരിന് 2700 കോടി രൂപ ലഭിക്കും. കടത്തിന്റെ ബാക്കിയും എയര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഭൂമിയും കെട്ടിടങ്ങളും സര്‍ക്കാര്‍ രൂപീകരിച്ച എയര്‍ ഇന്ത്യ അസറ്റ്സ് ഹോള്‍ഡിങ് ലിമിറ്റഡിനു കൈമാറും. പ്രതിദിനം ഏകദേശം 20 കോടി രൂപയുടെ നഷ്ടമുണ്ടാക്കുന്ന സ്ഥാപനം കൈയൊഴിയുന്നതു സര്‍ക്കാരിന് ആശ്വാസമാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →