പാലക്കാട്: മലമ്പുഴ വനമേഖലയിൽ കഞ്ചാവ് റെയ്ഡിനിടെ പൊലീസ് സംഘം ഉൾവനത്തിൽ കുടുങ്ങി. വഴിതെറ്റി ഉൾക്കാട്ടിൽ കുടുങ്ങിയ പൊലീസ് സംഘത്തെ തിരികെയെത്തിക്കാൻ പ്രത്യേക സംഘങ്ങൾ 09/10/21 ശനിയാഴ്ച പുറപ്പെടും.
08/10/21 വെളളിയാഴ്ച വൈകിട്ട് കനത്ത മഴയെ തുടര്‍ന്നാണ് കഞ്ചാവ് റെയ്ഡിന് പുറപ്പെട്ട 14 അംഗ സംഘം ഉൾവനത്തിൽ കുടുങ്ങിയത്. പാലക്കാട് നാര്‍ക്കോട്ടിക് സെൽ ഡിവൈഎസ്പി സി ഡി ശ്രീനിവാസന്‍, മലമ്പുഴ സിഐ സുനില്‍കൃഷ്ണന്‍, വാളയാര്‍ എസ്‌ഐ, ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങള്‍, നാല് തണ്ടര്‍ബോള്‍ട്ട് അംഗങ്ങള്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരാണ് വനത്തിലുള്ളത്.
ആന, പുലി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള കാട്ടിലാണ് ഉദ്യോഗസ്ഥർ അകപ്പെട്ടിരിക്കുന്നത്. ലഹരി വസ്തുക്കള്‍ പിടികൂടാന്‍ തൃശൂര്‍ റേഞ്ച് ഐജിയുടെ പ്രത്യേക ഡ്രൈവിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് കാട് കയറിയത്. ഉദ്യോഗസ്ഥർ സുരക്ഷിതരാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.