ന്യൂഡൽഹി : കേരള ഹൈക്കോടതിയുടെ വിധിയ്ക്കെതിരെ സമർപ്പിക്കപ്പെട്ട ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതി നേരത്തെ നൽകിയ വിധി തിരുത്തിക്കൊണ്ട് ചന്ദനതൈലംവന ഉൽപ്പന്നം ആണെന്ന് വ്യക്തത വരുത്തി പ്രസ്താവിച്ചു.
ഫോറസ്റ്റ് റേഞ്ച് ഓഫീസർ വി പി മുഹമ്മദാലി 1993 ഫയൽ ചെയ്ത കേസിന്റെ അപ്പീൽ നടപടികളുടെ ഒടുവിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി തീർപ്പ് ഉണ്ടായിരിക്കുന്നത്. ചന്ദനം വന ഉത്പന്നം ആണെങ്കിലും മനുഷ്യ അധ്വാനവും സാങ്കേതിക വിദ്യയും ഉപയോഗിച്ച് ചന്ദനത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന ചന്ദനതൈലത്തെ വന ഉത്പന്നമായി കാണുവാൻ കഴിയുകയില്ല എന്നായിരുന്നു കേസിലെ എതിർവാദം.
1996ലാണ് സുരേഷ് ലോഹിയായും മഹാരാഷ്ട്ര സർക്കാരും തമ്മിലുള്ള കേസിൽ വിധി പറയുമ്പോൾ സുപ്രീം കോടതി ഇതുസംബന്ധിച്ച് നടത്തിയ നിരീക്ഷണമാണ് ഇപ്പോഴത്തെ വിധി തീർപ്പിൽ തിരുത്തപ്പെട്ടിരിക്കുന്നത്.. സുരേഷ് ലോഹിയായുടെ കേസിൽ മനുഷ്യ അധ്വാനം പ്രയോജനപ്പെടുത്തി വന ഉൽപ്പന്നത്തെ പരിവർത്തനം ചെയ്തു എടുക്കുന്ന ഉത്പ്പന്നം വന വിഭവമല്ല എന്ന് നിരീക്ഷിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തി കൊണ്ട് വന വിഭവമായ ചന്ദനം കൊണ്ടുപോയി ചന്ദനതൈലം ആക്കി മാറ്റുമ്പോൾ അത് വനവിഭവമല്ലാതെ ആകുന്നില്ല എന്ന് കോടതി പറഞ്ഞു.
ഇതുസംബന്ധിച്ച് കേസ് കേരള ഹൈക്കോടതിയിൽ വന്നപ്പോൾ ചന്ദനതൈലം വനവിഭവമാണ് എന്ന് കോടതി തിരുത്തുകയാണ് ഉണ്ടായത്. കേരള ഹൈക്കോടതിയുടെ വിധി നിയമത്തിൻറെ കൃത്യമായ വ്യാഖ്യാനമാണെന്ന് സുപ്രീംകോടതിയിൽ അഭിപ്രായപ്പെട്ടു.