തിരുവനന്തപുരം: വി.കെ. ശശിധരന്റെ നിര്യാണത്തിൽ സ്പീക്കർ അനുശോചിച്ചു

തിരുവനന്തപുരം: ജനകീയ ഗായകനും സംഗീത സംവിധായകനുമായ വി. കെ. ശശിധരന്റെ നിര്യാണത്തിൽ സ്പീക്കർ എം. ബി. രാജേഷ് അനുശോചിച്ചു. ശാസ്ത്ര പ്രചാരണത്തിനും മറ്റ്  ബോധവത്കരണ പരിപാടികൾക്കും  സംഗീതം ഏറ്റവും മികച്ച രീതിയിൽ പ്രയോഗിച്ച കലാകാരനാണ് അദ്ദേഹം. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സന്ദേശങ്ങൾ മലയാളികളുടെ മനസ്സിൽ പതിയുന്നതിൽ അദ്ദേഹത്തിന്റ സംഗീതം വലിയ പങ്കു വഹിച്ചിട്ടുണ്ട്. ബെർതോൾഡ് ബ്രെഹ്ത് മുതൽ മലയാളത്തിലെ  പ്രമുഖരുടെ കവിതകൾ വരെ അദ്ദേഹത്തിന്റെ സംഗീതത്തിലൂടെ  മലയാളികളുടെ ബോധമണ്ഡലത്തിൽ പതിഞ്ഞിട്ടുണ്ട്.

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കലാജാഥകൾക്ക് ഏറെക്കാലം  അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചു. ഇടശ്ശേരിയുടെ ‘പൂതപ്പാട്ട്’ അദ്ദേഹത്തിന്റെ മനോഹരമായ സംഗീതാവിഷ്‌കാരത്തിലൂടെയും ശബ്ദത്തിലൂടെയുമാണ്  കേരളത്തിൽ ഇത്രയേറെ പ്രചാരം നേടിയത്. കവിതയുടെ അന്തരാത്മാവിനെ  തിരയുന്നതായിരുന്നു അദ്ദേഹത്തിന്റെ സംഗീതപ്രയോഗം. ബന്ധുക്കളുടെയും കലാ ആസ്വാദകരുടെയും ദുഃഖത്തിൽ പങ്കു ചേർന്നതായി സ്പീക്കർ അറിയിച്ചു.

Share
അഭിപ്രായം എഴുതാം