കൊച്ചി : “ഹലോ സര്‍, ഗുഡ് മോര്‍ണിംഗ്. ഞാന്‍ സുമേഷ് (യഥാര്‍ത്ഥ പേരല്ല) സാറിന്റെ ഗൂഗിള്‍ പേ അക്കൗണ്ടിലേക്ക് 1000 രൂപ മാറി അയച്ചുപോയി തിരിച്ചു തന്നാല്‍ ഉപകാരമായിരിക്കും.” അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടെങ്കിലും ഇത്തരം ഡയലോഗില്‍ വീണ് തുക തിരിച്ചു നല്‍കുമ്പോള്‍ കരുതല്‍ വേണം. അല്ലെങ്കില്‍ നിമിഷ നേരം കൊണ്ട് അക്കൗണ്ട് കാലിയാകും. പണം തട്ടിയെടുക്കാനുളള പുതിയ നമ്പരാണിത്. സംസ്ഥാനത്ത് അടുത്തിടെ മാത്രം നിരവധിപേര്‍ മണി റിട്ടേണില്‍ കുടുങ്ങി. കൊച്ചിയിലും തട്ടിപ്പില്‍ വീണവരുടെ എണ്ണം കുറവല്ല.
1000രൂപ തിരിച്ചയക്കാനുളള റിക്വസ്റ്റിനൊപ്പം എനി ഡെക്‌സെന്ന ആപ്പിന്റെ യടക്കം ലിങ്ക് ചേര്‍ത്ത് ഇവര്‍ മൊബൈല്‍ പണമിടപാട് ആപ്പുകളിലേക്ക് അയക്കും. ഈ മെസേജ് ഓപ്പണ്‍ ആകുന്നതോടെ ഫോണിന്റെ സ്‌ക്രീന്‍ റെക്കാര്‍ഡും ബാങ്ക് വിവരങ്ങളും തട്ടിപ്പുകാരിലേക്ക് കൈമാറും. പണം തിരിച്ചയക്കാന്‍ പിന്‍ നമ്പര്‍ ടൈപ്പ് ചെയ്യുന്നതടക്കം റെക്കാര്‍ഡ് ചെയ്‌തിട്ടുണ്ടാകും. ബാങ്ക് വിവരംകൂടി തട്ടിപ്പുകാരിലേക്ക് എത്തുന്നതോടെ പണം പിന്‍ വലിക്കാന്‍ കൂടുതല്‍ എളുപ്പമാവും ചെറുതുകകളായാണ് ഇവര്‍ പണം പിന്‍വലിക്കുക. എറണാകുളത്തെ ഒരു പോലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് 1300 വീതം എട്ടുതവണയാണ് നഷ്ടപ്പെട്ടത്.
സ്‌ക്രീന്‍ റെക്കാര്‍ഡിംഗ് ആപ്പാണ് എനി ഡെക്‌സ്. ഇത് ഫോണില്‍ ഇന്‍സ്‌റ്റാള്‍ ചെയ്‌താല്‍ സ്‌ക്രീനിലെ ദൃശ്യങ്ങള്‍ റെക്കാര്‍ഡ് ചെയ്യാനാകും. തട്ടിപ്പുകാര്‍ ഈ ആപ്പ് ഉപയോഗിച്ചുതുടങ്ങിയതോടെ എസ്‌ബിഐ ഉള്‍പ്പെടയുളള ബാങ്കുകള്‍ ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്നതിലും പിന്നിലെ ചതികളെക്കുറിച്ചും ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. നിരവധി പേര്‍ പരാതിയുനമായി സമീപിച്ചിട്ടുണ്ട്. ഇത്തരം ഇടപാടുകളില്‍ ജാഗ്രത കൈക്കൊളളണമെന്ന് കൊച്ചി സൈബര്‍സെല്‍ സിറ്റി പോലീസ് അറിയിച്ചു.

