സംസ്ഥാനത്ത് തിയേറ്റ‌ർ തുറക്കാൻ കാത്തിരിക്കുന്നത് അമ്പതിലേറെ സിനിമകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് അമ്പതിലേറെ സിനിമകളാണ് തിയേറ്റ‌ർ തുറക്കാൻ കാത്തിരിക്കുന്നത്. പക്ഷെ പകുതി സീറ്റിൽ പ്രവേശനമെന്ന നിബന്ധനകൾ കാരണം മരയ്ക്കാറും ആറാട്ടും അടക്കമുള്ള ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസ് ഉടനുണ്ടാകില്ല. മരക്കാറിനെ ഒടിടിയിലെത്തിക്കാൻ വിവിധ കമ്പനികൾ ശ്രമിക്കുന്നുണ്ട്.

വലിയ ഇടവേളക്ക് ശേഷം തിയേറ്ററുകൾ തുറക്കാൻ തീരുമാനിച്ചുവെങ്കിലും ആകാംക്ഷയോടെ കാത്തിരിക്കുന്ന എത്ര ചിത്രങ്ങൾ ഉടൻ എത്തുമെന്നതിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. തുറക്കാൻ നിശ്ചയിച്ച ദിവസത്തിനായി ഇനിയും ആഴ്ചകൾ കാത്തിരിക്കണം. അപ്പോഴും പകുതി സീറ്റ് എന്ന നിബന്ധനയുമുണ്ട്.

100 കോടിയിലേറെ നിർമ്മാണ ചെലവുള്ള ‘മരയ്ക്കാർ ‘ പെട്ടിയിലായിട്ട് തന്നെ ഒരു വർഷത്തിലേറെയായി. ഇതിനിടെ പല വൻകിട ഒടിടി കമ്പനികളും റെക്കോർഡ് തുക വാഗ്ദാനം ചെയ്ത് നിർമ്മാതാക്കൾക്ക് പിന്നാലെയുണ്ട്. മോഹൻലാലിന്റെ മറ്റൊരു ത്രില്ലറായ ആറാട്ട് ഇറക്കാൻ ബി ഉണ്ണിക്കൃഷ്ണനും സംശയത്തിലാണ്. 40 കോടിയിലേറെയാണ് ആറാട്ടിന്റെ ചെലവ്.

കാവൽ, അജഗജാന്തരം തുടങ്ങിയ മലയാളം ചിത്രങ്ങളാണ് ആദ്യം റിലീസിന് പ്രതീക്ഷിക്കുന്നത്. ദീപാവലിക്ക് അന്യഭാഷകളിൽ നിന്ന് ആദ്യം വമ്പൻ റിലീസിന് എത്തുന്നത് രജനി ചിത്രം അണ്ണാതെ. വിശാൽ ചിത്രം എനിമി, അക്ഷയ് കുമാർ ചിത്രം സൂര്യവൻശി എന്നിവയിലൊക്കെയാണ് പ്രതീക്ഷ.

ആളുകൾ എത്തുന്നുണ്ടോ എന്ന് നോക്കി, സർക്കാരിന്റെ കൂടുതൽ ഇളവ് പ്രഖ്യാപനം കണക്കിലെടുത്താകും മലയാളത്തിലെ ബിഗ് ബജറ്റ് സിനിമകൾ തിയേറ്ററിൽ എത്തുക. ജനുവരിയിൽ തിയേറ്ററുകൾ തുറന്നപ്പോൾ വിജയ് ചിത്രം മാസ്റ്റർ മാസായെത്തിയത് മേഖലയ്ക്ക് വലിയ ഉണർവ്വായിരുന്നു. അത് പോലുള്ള പണംവാരിപ്പടമാണ് സിനിമാ ലോകം കാത്തിരിക്കുന്നത്.

Share
അഭിപ്രായം എഴുതാം