കൊൽക്കത്ത: ഭവാനിപൂർ ഉപതെരഞ്ഞെടുപ്പിൽ നിലവിലെ മുഖ്യമന്ത്രി മമത ബാനർജിക്ക് തകർപ്പൻ വിജയം. ബി.ജെ.പി സ്ഥാനാർഥിക്ക് ആകെ കിട്ടിയ വോട്ടിനേക്കാൾ ഭൂരിപക്ഷവുമായാണ് മമതയുടെ വിജയം. മണ്ഡലത്തിൽ ഇതുവരെ ഒരു സ്ഥാനാർഥിക്ക് ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷമായ 58389 വോട്ടിനാണ് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അനിവാര്യമായ വിജയം മമത നേടിയത്.
സംസാർഗഞ്ച്, ജംഗിപൂർ മണ്ഡലങ്ങളിലും തൃണമൂൽ കോൺഗ്രസാണ് മുന്നിൽ. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തരംഗം അലയടിച്ചപ്പോഴും നന്ദിഗ്രാമിൽ മമത ബാനർജി പരാജയപ്പെട്ടിരുന്നു.
തോൽവി വകവെയ്ക്കാതെ ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി ചുമതലയേറ്റു. എംഎൽഎ അല്ലാത്തവർക്കും മന്ത്രിയാകാം എന്ന ഭരണഘടന വ്യവസ്ഥയിലാണ് മുഖ്യമന്ത്രിയായത്. ആറു മാസത്തിനുള്ളിൽ നിയമസഭാ അംഗമായില്ലെങ്കിൽ പുറത്തുപോകേണ്ടിവരുമായിരുന്നു.
ആഹ്ലാദപ്രകടനം തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിട്ടുണ്ടെങ്കിലും ഫലം പുറത്തുവന്നതോടെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആഘോഷം തുടങ്ങിയിട്ടുണ്ട്. അക്രമസാധ്യതയെ തുടർന്നാണ് ആഹ്ലാദപ്രകടനം ഒഴിവാക്കണമെന്ന് കമ്മീഷൻ നിർദേശിച്ചത്.