വ്യാജരേഖകളുടെ തെളിവുകൾ മോൻസൻ നശിപ്പിച്ചു; വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ നീക്കം തുടങ്ങി ക്രൈംബ്രാഞ്ച്

കൊച്ചി : വ്യാജ ബാങ്ക് രേഖകൾ നിർമ്മിച്ച സംഭവത്തിൻ്റെ മിക്ക തെളിവുകളും മോൻസൺ മാവുങ്കൽ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച്. ലാപ്‌ടോപ്പിലേയും ഡെസ്‌ക്ടോപ്പിലേയും വിവരങ്ങൾ മോൻസൺ ഡിലീറ്റ് ചെയ്‌തെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഡിലീറ്റ് ചെയ്ത വിവരങ്ങൾ വീണ്ടെടുക്കാൻ ലാപ്‌ടോപ്പും ഡെസ്‌ടോപ്പും തിരുവനന്തപുരത്തെ ലാബിലേയ്ക്ക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

എച്ച്എസ്ബിസി ബാങ്കിൽ പണം ഉണ്ടെന്ന് വരുത്തിത്തീർക്കാനാണ്‌ മോൻസൺ വ്യാജ രേഖ തയ്യാറാക്കിയത്. മോൻസൺ ഈ വ്യാജ രേഖ തയാറാക്കിയത് സ്വന്തം കംപ്യൂട്ടറിലാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

അതേസമയം, തട്ടിപ്പ് കേസിൽ മോൻസനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ നീക്കം നടത്തുകയാണ് ക്രൈംബ്രാഞ്ച്. പാലാ സ്വദേശി രാജീവിന്റെ പരാതിയിൽ ചോദ്യം ചെയ്യുന്നതിനാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. മൂന്ന് ദിവസം കൂടി കസ്റ്റഡിയിൽ വാങ്ങുമെന്നാണ് പുറത്ത് വരുന്ന സൂചന. 10 കോടി രൂപ തട്ടിയെന്ന പരാതിയിലായിരുന്നു നേരത്തെ മോൻസണെ കസ്റ്റഡിയിൽ വാങ്ങിയത്.

പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതി മോൻസൺ മാവുങ്കലിനെ ഈ മാസം 9 വരെ കോടതി റിമാന്റ് ചെയ്തിരിക്കുകയാണ്. ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡി ആവശ്യപ്പെടാതിരുന്ന സാഹചര്യത്തിലാണ് കോടതി നടപടി.

Share
അഭിപ്രായം എഴുതാം