മൂന്നാംക്ലാസുകാരന്റെ നേരെ പേന വലിച്ചെറിഞ്ഞ് കാഴ്ച നഷ്ടപ്പെടുത്തി; അധ്യാപികയ്‌ക്ക് ഒരു വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: പഠിപ്പിക്കുന്നത് ശ്രദ്ധിക്കാതിരുന്ന മൂന്നാംക്ലാസുകാരന്റെ നേരെ പേന വലിച്ചെറിഞ്ഞ് കാഴ്ച നഷ്ടപ്പെടുത്തിയ അധ്യാപികയ്‌ക്ക് ഒരു വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് കൂടി അനുഭവിക്കണം. പോക്‌സോ കോടതി ജഡ്ജി കെ.വി.രജനീഷാണ് വിധി പുറപ്പെടുവിച്ചത്. മലയിൻകീഴ് കണ്ടല ഗവൺമെന്റ് സ്‌കൂളിലെ അധ്യാപികയും തൂങ്ങാംപാറ സ്വദേശിനിയുമായ ഷെരീഫാ ഷാജഹാനെയാണ് ശിക്ഷിച്ചത്.

2005 ജനുവരി 18നായിരുന്നു കേസിനാസ്പദമായ സംഭവം. ക്ലാസ് എടുക്കുന്നതിനിടെ മറ്റ് കുട്ടികളുമായി സംസാരിച്ചുവെന്ന് ആരോപിച്ച് എട്ടു വയസ്സുകാരനായ കുട്ടിക്ക് നേരെ ഷെരീഫ പേന വലിച്ചെറിയുകയായിരുന്നു. ഇത് കുട്ടിയുടെ കണ്ണിൽ തുളച്ചു കയറുകയും കുട്ടിയുടെ കാഴ്ച നഷ്ടമാവുകയും ചെയ്തു. മൂന്ന് ശസ്ത്രക്രിയകൾ ചെയ്തുവെങ്കിലും കുട്ടിയുടെ കാഴ്ച ശക്തി തിരിച്ച് കിട്ടിയില്ല. അധ്യാപികയെ ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തുവെങ്കിലും, പിന്നീട് വീണ്ടും അതേ സ്‌കൂളിൽ തന്നെ ഇവർക്ക് നിയമനം ലഭിച്ചു.

കുട്ടികളെ സ്‌നേഹിക്കേണ്ട അധ്യാപിക ചെയ്തത് വലിയ ക്രൂരതയാണെന്നും, അതിന് തക്കതായ ശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. ഈ കുറ്റകൃത്യം സമൂഹത്തിന് അംഗീകരിക്കാൻ സാധിക്കുന്ന ഒന്നല്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.

Share
അഭിപ്രായം എഴുതാം