തൃശ്ശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ പരോൾ കഴിഞ്ഞ് തിരിച്ചെത്തിയ പ്രതികളിൽ നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി. തിരിച്ചെത്തിയവരെ പരിശോധിച്ചപ്പോണ് ഇവ കണ്ടെത്തിയത്. കൊലക്കേസ് പ്രതികളായ അസീസ്, ബൈജു , ബിനു, രാജേഷ് എന്നിവരിൽ നിന്നാണ് കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയത്. സ്വകാര്യ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ.
, കൊലപാതക കേസ് പ്രതികൾ ജയിലിൽ നിന്ന് ഫോൺ വിളിച്ച സംഭവത്തിൽ വിയ്യൂർ ജയിൽ സൂപ്രണ്ട് എ ജി സുരേഷിനെ സസ്പെൻഡ് ചെയ്തിരുന്നു. ഫോൺ വിളിക്ക് സൂപ്രണ്ട് ഒത്താശ ചെയ്തുവെന്ന അന്വേഷണ റിപ്പോർട്ടിലാണ് നടപടി. പ്രതികളുടെ ഫോൺ വിളി സംബന്ധിച്ച് ജയിൽ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നായിരുന്നു ജയിൽ ഡിജിപിയുടെ ഉത്തരവ്. മറുപടിയുടെയും അന്വേഷണ റിപ്പോർട്ടിന്‍റെയും പശ്ചാത്തലത്തിലാണ് ജയിൽ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തത്.
നേരത്തെ ടി പി വധക്കേസ് പ്രതിയായ കൊടി സുനിയിൽ നിന്നും ഫോൺ പിടിച്ചെടുക്കുകയും പല തവണ ഗുണ്ടകളെ അടക്കം സുനി ജയിലിൽ വിളിച്ചെന്നും കണ്ടെത്തിയിരുന്നു. കൊലപാതക കേസിൽ തടവിൽ കഴിയുന്ന റഷീദ് എന്ന തടവുകാരൻ 223 മൊബൈൽ നമ്പറുകളിലേക്ക് 1345 തവണ ഫോൺ വിളിച്ചിരുന്നതായി അധികൃതർ കണ്ടെത്തി. ഇതേ ഫോണിൽ നിന്ന് മറ്റു തടവുകാരും വിളിച്ചിട്ടുണ്ട്. ജാമറുകൾ ഉൾപ്പെടെയുള്ള ശക്തമായ നിയന്ത്രണങ്ങൾ ഫലം കാണാത്ത സ്ഥിതിയാണ്. തീവ്രവാദ കേസുകളിൽ അടക്കം പ്രതികളായവർ ജയിലിൽ കഴിയുന്ന സാഹചര്യത്തിൽ അതീവ ഗൗരവത്തോടെ ആണ് ആഭ്യന്തര വകുപ്പ് വിഷയത്തെ കാണുന്നത്