തൃശൂർ: തൃശ്ശൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കുണ്ടുകാടിനടുത്ത് പനമ്പിള്ളി കാഞ്ഞിരത്തിങ്കൽ പരേതനായ ബാബുവിന്റെ മകൻ ദിലീപ് (25), ചേലക്കര സ്വദേശി കൊട്ടയാട്ടിൽ മുഹമദ്‌കുട്ടിയുടെ മകൻ അഷ്‌കർ (21) എന്നിവരാണ് മരിച്ചത്.
കരുവാൻകാട് സ്വദേശികളായ പുതുശ്ശേരി യാക്കോബ് മകൻ ജിസ്മോൻ, എടതുരുത്തി ബിജു മകൻ വിജീഷ് എന്നിവർക്ക് പരിക്കേറ്റു. വില്ലടം പുതിയ പാലത്തിന് സമീപം 26/09/21 ഞായറാഴ്‌ച രാത്രി ഒമ്പതോടെയാണ് അപകടം. ഇരു ബൈക്കുകളും ഒരേ ദിശയിലേക്ക് പോകുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അമിതവേഗതയാണ് അപകടകാരണമെന്ന് കരുതുന്നു.
രണ്ടു ബൈക്കുകളിലായി സുഹൃത്തുക്കളായ നാലുപേരും കുണ്ടുകാട് ഭാഗത്തേക്ക് പോവുമ്പോഴാണ് അപകടമുണ്ടായത്. ബൈക്കുകളുടെ ഹാൻഡിൽ കൂട്ടിയിടിച്ച് നിയന്ത്രണംവിട്ട് രണ്ടുഭാഗങ്ങളിലേക്ക് തെറിച്ചു.
ഒരുബൈക്ക് വൈദ്യുതി പോസ്‌റ്റിലിടിച്ചശേഷം സമീപത്തെ വീട്ടുമതിൽ തകർത്തു. ഈ ബൈക്കിലുണ്ടായിരുന്നവരാണ് മരിച്ചത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.
അപകടം നടന്നയുടൻ നാട്ടുകാർ പരിക്കേറ്റവരെ ആംബുലൻസിലും ഓട്ടോയിലുമായി ദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു.