പുരാവസ്തു തട്ടിപ്പ്: അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെ കെ. സുധാകരന്‍ സഹായിച്ചെന്ന് പരാതി

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെ കെ.സുധാകരന്‍ സഹായിച്ചെന്ന് പരാതി. സുധാകരന്‍ എം.പി നേരിട്ട് ഇടപെട്ടുവെന്നാണ് പരാതിക്കാരനായ അനൂപ് പറയുന്നത്.

ഫെമ പ്രകാരം തടഞ്ഞുവെച്ചിരിക്കുന്ന തന്റെ രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ വിട്ടുകിട്ടാന്‍ സുധാകരന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പണം നിക്ഷേപിച്ചവരെ മോന്‍സന്‍ അറിയിച്ചു.

എന്നാല്‍, നിക്ഷേപകര്‍ ഇത് വിശ്വസിക്കാഞ്ഞതോടെ സുധാകരനുമായി നേരിട്ട് കൂടിക്കാഴച്ച മോന്‍സന്‍ ഒരുക്കി. 2018 നവംബര്‍ 22 ന് സുധാകരന്റെ സാന്നിധ്യത്തില്‍ മോന്‍സന്റെ കലൂരിലെ വീട്ടില്‍ കൂടിക്കാഴ്ച നടന്നെന്നാണ് പരാതിക്കാര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

ഫെമ പ്രകാരം തടഞ്ഞുവെച്ച പണം വിട്ടുകിട്ടാന്‍ പാര്‍ലമെന്റ് അക്കൗണ്ട്‌സ് കമ്മിറ്റിയെ ഇടപെടുത്താമെന്നും ദല്‍ഹിയിലെ വിഷയങ്ങള്‍ പരിഹരിക്കാമെന്നും സുധാകരന്‍ വാഗ്ദാനം നല്‍കിയതായി പരാതിക്കാരനായ അനൂപ് പറയുന്നു. പണം വിട്ടുകിടുന്നതിനുള്ള ഇടപാടിനായി 25 ലക്ഷം രൂപ സുധാകരന്റെ സാന്നിധ്യത്തില്‍ കൈമാറിയെന്നാണ് പരാതിക്കാര്‍ പറയുന്നത്. മോന്‍സന്‍ മാവുങ്കലിനൊപ്പമുള്ള കെ. സുധാകരന്റെ ചിത്രങ്ങള്‍ നേരത്തേ പുറത്തു വന്നിരുന്നു.

Share
അഭിപ്രായം എഴുതാം