വഴങ്ങാതെ സുധീരൻ ; എ.ഐ.സി.സി അംഗത്വവും രാജിവെച്ചു

കൊച്ചി: കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി മുതിർന്ന നേതാവ് വി എം സുധീരൻ എ.ഐ.സി.സി അംഗത്വവും രാജിവെച്ചു.

രാജി അറിയിച്ച് കൊണ്ട് അദ്ദേഹം സോണിയാഗാന്ധിക്ക് കത്തയച്ചു. കേരളത്തിലെ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഹൈക്കമാൻഡ് ഫലപ്രദമായി ഇടപെട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം.

സംസ്ഥാന നേതൃത്വം കൂടിയാലോചനകൾ നടത്തുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

നേതൃതലത്തിലെ മാറ്റം പ്രതീക്ഷിച്ച ഗുണം ചെയ്യുന്നില്ലെന്നും തീരുമാനങ്ങൾ ഏകപക്ഷീയമാണെന്നും സുധീരൻ പറഞ്ഞു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജിവെച്ച സുധീരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് തുടരുന്നതിനിടെയാണ് അദ്ദേഹം എ.ഐ.സി.സി അംഗത്വവും രാജിവെച്ചത്.

സുധീരനെ അനുനയിപ്പിക്കാന്‍ വി.ഡി സതീശൻ നടത്തിയ സമവായ നീക്കം പാളിയിരുന്നു. താനടക്കമുള്ള നേതൃത്വത്തിന് തെറ്റ് പറ്റിയെന്നും തിരുത്തുമെന്നും പറഞ്ഞായിരുന്നു സുധീരന്‍‍‍‍‍‍‍‍‍റെ വീട്ടിൽ നിന്നുള്ള സതീശന്റെ മടക്കം.രാജി പിൻവലിക്കണമെന്ന്‌ കെ.പി.സി.സിയും സുധീരനോട് അഭ്യർഥിച്ചിരുന്നു. എന്നാൽ സുധീരൻ തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അൻവർ സുധീരനെ ഇന്ന് നേരിൽ കണ്ടേക്കും.

Share
അഭിപ്രായം എഴുതാം