കരുവന്നൂർ സഹകരണ ബാങ്ക് കേസ്: മുൻ ഭരണ സമിതി പ്രസിഡന്റ് കെ.കെ. ദിവാകരന്റെ ജാമ്യാപേക്ഷ തളളി

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേട് കേസിൽ മുൻ ഭരണസമിതി പ്രസിഡന്റിന്റെ ജാമ്യഹർജി തളളി. കേസിലെ 7-ാം പ്രതിയും ബാങ്കിലെ മുൻ ഭരണ സമിതി പ്രസിഡന്റുമായ കെ.കെ. ദിവാകരന്റെ ജാമ്യാപേക്ഷയാണ് തൃശൂർ ജില്ലാ സെഷൻസ് കോടതി തളളി ഉത്തരവായത്. പ്രതിയെ കസ്റ്റഡിയിൽ കിട്ടുന്നതിന് ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷ നിലനിൽക്കുന്നതിനാൽ ജില്ലാ കോടതിയിൽ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് നിയമ തടസ്സമുണ്ടെന്ന പബ്ലിക്ക് പ്രോസിക്യൂട്ടറുടെ വാദം പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

അതിനിടെ സിപിഎം കരുവന്നൂർ ലോക്കൽ കമ്മിറ്റിയ്ക്ക് കീഴിലെ പുത്തൻതോട് ബ്രാഞ്ച് സമ്മേളനത്തിൽ കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വിമർശനമുയർന്നു. മന്ത്രി കെ രാധാകൃഷ്ണൻ , മുൻ മന്ത്രി എ സി മൊയ്തീൻ, ജില്ലാ സെക്രട്ടറി എം എം വർഗീസ് എന്നിവർക്കെതിരെയാണ് വിമർശനം ഉയർന്നത്.

തട്ടിപ്പിനെ കുറിച്ച് ഇവർക്ക് കീഴ്ഘടകങ്ങൾ വർഷങ്ങൾക്ക് മുമ്പ് പലപ്പോഴായി പരാതി നൽകിയിരുന്നു. തട്ടിപ്പിനെ കുറിച്ചു നേരത്തെ അറിഞ്ഞിട്ടും ഇവർ നടപടി എടുത്തില്ലെന്നാണ് വിമർശനം. തട്ടിപ്പ് സിപിഎമ്മിന് അവമതിപ്പുണ്ടാക്കി. ലോക്കൽ സെക്രട്ടറി വിശ്വംഭരൻ ഉൾപ്പെടെയുള്ളവർക്കെതിരെ കൂടുതൽ നടപടി വേണമായിരുന്നുവെന്നും വിമർശനമുണ്ട്. തളിയക്കോണം സൗത്ത് സമ്മേളനത്തിലും സമാനമായ വിമർശനം ഉയർന്നിട്ടുണ്ട്

Share
അഭിപ്രായം എഴുതാം