ആലപ്പുഴ: മുതുകുളത്ത് പട്ടികജാതി വനിതകള്‍ക്ക് ഓട്ടോറിക്ഷ നല്‍കുന്ന പദ്ധതിക്ക് തുടക്കമായി

ആലപ്പുഴ: നിര്‍ധനരായ പട്ടികജാതി വനിതകള്‍ക്ക് ഓട്ടോറിക്ഷ നല്‍കുന്ന പദ്ധതിക്ക് മുതുകുളം ബ്ലോക്ക് പഞ്ചായത്ത് തുടക്കം കുറിച്ചു. പദ്ധതിയുടെ ഉദ്ഘാടനം കൃഷ്ണപുരം സ്വദേശി തങ്കമണിക്ക്  ഓട്ടോ നല്‍കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചര്‍ നിര്‍വഹിച്ചു.

നിര്‍ധനരും തോഴില്‍രഹിതരുമായ പട്ടികജാതി വനിതകള്‍ക്ക് സഹായമേകുകയെന്ന ലക്ഷ്യത്തോടെ  2021- 22 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. 2.50 ലക്ഷം രൂപ വിലയുള്ള ഓട്ടോറിക്ഷക്ക് 70,000 രൂപ ബ്ലോക്ക് പഞ്ചായത്ത് സബ്സിഡിയും 25,000 രൂപ ഗുണഭോക്തൃ വിഹിതവുമാണ്. ബാക്കി തുക ബാങ്ക് വായ്പയിലൂടെയും ലഭ്യമാക്കും.

ഗുണഭോക്തൃ വിഹിതം അടയ്ക്കാന്‍ നിര്‍വാഹമില്ലാത്ത തങ്കമണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും അനുബന്ധ സ്ഥാപനങ്ങളിലെ ജീവനക്കാരും ചേര്‍ന്നാണ് പണം സ്വരൂപിച്ചു നല്‍കിയത്. 

യോഗത്തില്‍ വൈസ് പ്രസിഡന്റ് ജി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ എം. ജനുഷ, ഓച്ചിറ ചന്ദ്രന്‍, യു. അനുഷ്യ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം. ശിവപ്രസാദ്, മണി വിശ്വനാഥ്, ഗീത ശ്രീജി, ബിന്ദു സുഭാഷ്, ഡോ. പി.വി. സന്തോഷ്, വയലില്‍ നൗഷാദ്, ശ്രീജി പ്രകാശ്, സുനില്‍ കോപ്പറേത്ത്, എസ്. അജിത, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ലിജുമോന്‍, വ്യവസായ വികസന ഓഫീസര്‍ ആര്‍. ജയന്‍, ജോയിന്റ് ബി.ഡി.ഒ. എസ്. ബീന  തുടങ്ങിയവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം