തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് വിശദമായ മാർഗരേഖ തയ്യാറാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ആരോഗ്യമന്ത്രി വീണാജോർജും അറിയിച്ചു. ഉന്നതതല യോഗത്തിനു ശേഷമാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. മാർഗരേഖ തയ്യാറാക്കാൻ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. ബയോബബിൾ മാതൃകയിലാവും ക്‌ളാസുകൾ ഒരുക്കുക. മറ്റു വകുപ്പുകളുമായും വിവിധ അധ്യാപക, രാഷ്ട്രീയ, യുവജന സംഘടനകളുമായും കൂടിയാലോചന നടത്തും. ഓൺലൈൻ, ഓഫ്‌ലൈൻ ക്‌ളാസുകൾ നടത്തുമെന്ന് മന്ത്രിമാർ പറഞ്ഞു. ഫീൽഡ് തലത്തിൽ നിന്നുള്ള നിർദ്ദേശങ്ങൾ കൂടി ശേഖരിച്ചാവും മാർഗരേഖ തയ്യാറാക്കുക. രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ആശങ്കകൾക്ക് ഇടനൽകാതെ പഴുതുകൾ അടച്ചുള്ള മാർഗരേഖയാവും തയ്യാറാക്കുക. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വശങ്ങൾ വിശദമായി യോഗത്തിൽ ചർച്ച ചെയ്തതായി മന്ത്രിമാർ പറഞ്ഞു.