തിരുവനന്തപുരം: ക്ഷീര-മൃഗസംരക്ഷണ രംഗത്തെ വിദഗ്ധർ പങ്കെടുക്കുന്ന ശിൽപശാലയ്ക്കു തുടക്കമായി

തിരുവനന്തപുരം: അടുത്ത അഞ്ചു വർഷംകൊണ്ട് മൃഗസംരക്ഷണ-ക്ഷീര മേഖലയിൽ പുതിയ പദ്ധതികൾ നടപ്പിലാക്കാനും അതിന്റെ പുരോഗതി വിലയിരുത്താനും കഴിയണമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. 14-ാം പഞ്ചവത്സര പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായി മൃഗസംരക്ഷണ-ക്ഷീരവികസന മേഖലയിൽ നൂതന പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിന് ഈ മേലയിലെ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ശിൽപശാലയുടെ ഉദ്ഘാടനം തിരുവനന്തപുരം സമേതിയിൽ നിർവഹിച്ച്  സംസാരിക്കുകയായിരുന്നു മന്ത്രി. പാൽ ഉല്പാദനത്തിൽ കേരളം ഒരുപാട് മുന്നേറി. അന്യസംസ്ഥലങ്ങളിൽ നിന്ന് പാലെടുക്കുന്നതിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. ശിലാസ്ഥാപനം കഴിഞ്ഞ പാൽപ്പൊടി ഫാക്ടറിയുടെ പണി ഒരു വർഷംകൊണ്ട് പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

സർക്കാരിന്റെ ഏഴ് പൗൾട്രി ഫാമുകൾ മെച്ചപ്പെടുത്തി മുട്ടക്കോഴി ഉത്പാദനം പരമാവധി  വർധിപ്പിക്കും. വിദ്യാർത്ഥികൾക്ക് കൂടി സാമ്പത്തിക നേട്ടം ഉണ്ടാവുന്ന തരത്തിൽ സ്‌കൂളുകളിൽ പൗൾട്രി ക്‌ളബുകൾ ആരംഭിക്കും. പുതിയ ഇനം പശുക്കളെയും കോഴികളെയും കേരളത്തിൽ കൊണ്ടുവരുകയും പഴയ ഇനം പശുക്കളെ സംരക്ഷിക്കുകയും ചെയ്യും. അന്യസംസ്ഥാനങ്ങളിൽനിന്ന് പശുക്കളെ കേരളത്തിൽ എത്തിച്ചാൽ ഇൻഷുർ ചെയ്യാനുള്ള സംവിധാനം ഉണ്ടാവണം. പോത്ത്, പന്നി തുടങ്ങിയവയുടെ ഉത്പാദനം വർധിപ്പിക്കും. സംസ്ഥാനത്തിന് ആവശ്യമായ ഇറച്ചി ഇവിടെത്തന്നെ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. പുതിയ സംരംഭങ്ങളിൽ പ്രവാസികളടക്കമുള്ള തൊഴിൽസംരഭകരെ ഏതൊക്കെ നിലയിൽ സഹായിക്കാൻ പറ്റുമെന്ന് പരിശോധിക്കണം. വെറ്ററിനറി ഹോസ്പിറ്റൽ, വെറ്ററിനറി ഡോക്ടർ, ഡോക്ടറുമായി ബന്ധപ്പെടേണ്ട വിലാസം,  കർഷകർ, കൃഷി തുടങ്ങിയ വിവരങ്ങൾ മൃഗസംരക്ഷണ ക്ഷീര മേഖലയിൽ ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു.
മൃഗസംരക്ഷണം – ക്ഷീരവികസനം വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ, അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണർ ഇഷിത റോയ്, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ആർ. രാമകുമാർ, ക്ഷീരവികസന വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അനിൽ ഗോപിനാഥ് തുടങ്ങിയവർ സംബന്ധിച്ചു. ശിൽപശാല 25 ന് സമാപിക്കും.

Share
അഭിപ്രായം എഴുതാം