തിരുവനന്തപുരം: 37.61 കോടി രൂപയുടെ നാല് പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

തിരുവനന്തപുരം: സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി 37.61 കോടി രൂപയുടെ നാല് പദ്ധതികളുടെ ഉദ്ഘാടനം 23-ന് വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. മന്ത്രിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. ഇതുവരെ മൂന്ന് ഘട്ടങ്ങളിലായി ആകെ 213 ആരോഗ്യ സ്ഥാപനങ്ങളിൽ 56.59 കോടി രൂപയുടെ ഉദ്ഘാടനമാണ് നടത്തിയത്. 5.5 കോടി രൂപ ചെലവഴിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ രണ്ട് പുതിയ ഐ.സി.യുകൾ, പൈക സാമൂഹികാരോഗ്യ കേന്ദ്രത്തിൽ 19.93 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടം, 10 കോടി രൂപയുടെ കോന്നി ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി, ആദ്യ 1000 ദിന പരിപാടി എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.

മൂന്നാം തരംഗം മുന്നിൽ കണ്ടുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 100 ഐ.സി.യു. കിടക്കകളാണ് സജ്ജമാക്കിയത്. 5.5 കോടി രൂപ ചെലവഴിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ 7, 8 വാർഡുകൾ നവീകരിച്ചാണ് അത്യാധുനിക ഐ.സി.യു. സംവിധാനം ഒരുക്കിയത്. ഓരോ വാർഡിലും ഒരു ഐസിയുവും ഒരു ഹൈ ഡിപ്പന്റൻസി യൂണിറ്റും ഒരുക്കിയിട്ടുണ്ട്. ഓരോ കിടക്കയിലും കേന്ദ്രീകൃത ഓക്സിജൻ വിതരണ സംവിധാനമുള്ള സെൻട്രൽ സക്ഷനും ലഭ്യമാക്കിയിട്ടുണ്ട്. അടിയന്തര ഘട്ടത്തിൽ വെന്റിലേറ്റർ ഘടിപ്പിക്കാനുള്ള സംവിധാനവുമുണ്ട്. ഈ ഐ.സി.യു.കൾക്കായി ആദ്യഘട്ടത്തിൽ 17 വെന്റിലേറ്ററുകളാണ് സ്ഥാപിക്കുന്നത്. അതിൽ ഒമ്പത് വെന്റിലേറ്ററുകൾ സ്ഥാപിച്ചു.

കോട്ടയം പൈക സാമൂഹികാരോഗ്യ കേന്ദ്രത്തിൽ 19.93 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് നടക്കുന്നത്. പുതിയ കെട്ടിടത്തിൽ അത്യാഹിത വിഭാഗം, ഒബ്സർവേഷൻ റൂം, രണ്ട് ഐ.പി വാർഡുകൾ, മൈനർ ഓപ്പറേഷൻ തിയേറ്റർ, ഒ.പി വിഭാഗം, പാലിയേറ്റീവ് കെയർ യൂണിറ്റ്, എക്സറേ, ഇ.സി.ജി യൂണിറ്റുകൾ, ഫിസിയോതെറാപ്പി യൂണിറ്റ്, ആർ.എൻ.റ്റി.സി.പി ഡോട്ട് യൂണിറ്റ്, ഫാർമസി, ലാബ് സൗകര്യങ്ങൾ കൂടാതെ ഭരണവിഭാഗം, പബ്ലിക് ഹെൽത്ത് വിഭാഗം എന്നിവ പ്രവർത്തിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വിശാലമായ കോൺഫറൻസ് ഹാളും, ലിഫ്റ്റ് സൗകര്യവും ആധുനിക ഫയർ ആന്റ് സേഫ്റ്റി സൗകര്യവും ഉൾപ്പെടുത്തിയിരിക്കുന്നു. ഈ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ പൈക ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് മികച്ച സേവനം ലഭിക്കും.

പത്തനംതിട്ട കോന്നിയിൽ 10 കോടി രൂപ മുടക്കി സജ്ജമാക്കിയ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ ഉദ്ഘാടനമാണ് നടക്കുന്നത്. സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറിയാണിത്. 15,000 ചതുരശ്ര അടിയിൽ മൂന്ന് നിലകളിലായാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ലബോറട്ടറി പ്രവർത്തനക്ഷമമാക്കുന്നതോടെ പ്രതിവർഷം ഏകദേശം 4500 മരുന്നുകൾ പരിശോധിക്കാൻ സാധിക്കും. സംസ്ഥാനത്ത് മൊത്തം പ്രതിവർഷം പരിശോധിക്കുന്ന മരുന്നുകളുടെ എണ്ണം 15,000 ആയി വർദ്ധിക്കും. കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ വിതരണം നടത്തുന്ന മരുന്നുകളുടെ ഗുണനിലവാര പരിശോധന നടത്തുവാനാണ് ഉദ്ദേശിച്ചിട്ടുള്ളത്.
11 ഐ.സി.ഡി.എസ്. പ്രോജക്ടുകളിൽ സംസ്ഥാന വനിത ശിശുവികസന വകുപ്പ് പൈലറ്റടിസ്ഥാനത്തിൽ നടപ്പിലാക്കിയിരുന്ന ആദ്യ 1000 ദിന പരിപാടി എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുകയാണ്.

പുതിയ 17 പ്രോജക്ടുകൾ ഉൾപ്പെടെ എല്ലാ ജില്ലകളിലുമായി ആകെ 28 പ്രോജക്ടുകളിലാണ് പരിപാടി വ്യാപിപ്പിക്കുന്നത്. ഗർഭാവസ്ഥയിലായിരിക്കുമ്പോൾ മുതൽ കുട്ടിയ്ക്ക് രണ്ട് വയസ് തികയുന്നതു വരെയുള്ള ആദ്യ ആയിരം ദിനങ്ങൾ അതീവ പ്രാധാന്യമുള്ളതാണ്. കുട്ടിയുടെ ശരിയായ വളർച്ചയ്ക്കും വികാസത്തിനും ആ ദിനങ്ങളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നതിനും പദ്ധതി സഹായിക്കും. 2.18 കോടിയുടെ പദ്ധതിയാണിത്. ഒരു സ്ത്രീ ഗർഭിണിയാകുന്ന നാൾ മുതൽ അങ്കണവാടി പ്രവർത്തകരും ഐ.സി.ഡി.എസ്. സൂപ്പർവൈസർ, സി.ഡി.പി.ഒ. തുടങ്ങിയ ഉദ്യോഗസ്ഥരും നിശ്ചിത ഇടവേളകളിൽ ഗുണഭോക്താക്കളുടെ ഭവന സന്ദർശനം നടത്തിയാണ് ഇടപെടലുകൾ നടത്തുന്നത്.

Share
അഭിപ്രായം എഴുതാം