ആലപ്പുഴ: സംസ്ഥാന സര്‍ക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ള ഭിന്നശേഷി സൗഹൃദ സംവിധാനങ്ങള്‍ മാതൃകാപരമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേശ്വരി പറഞ്ഞു. അറുപതു ശതമാനം ഭിന്നശേഷിക്കാരായ തീവ്ര മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കായി നടപ്പാക്കുന്ന സ്വയം തൊഴില്‍ സംരംഭമായ സഫലത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അവർ.
വൈകല്യങ്ങളെ അതിജീവിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തുന്നതിന് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് സഹായകമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
ജില്ലാ ഭരണകൂടം, സാമൂഹിക നീതി വകുപ്പ്, എ.ഡി.ആര്‍.എഫ്, നാഷണല്‍ ട്രസ്റ്റ് എന്നിവ സംയുക്തമായാണ് സഫലം പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ മേഖലകളിലെ ഭിന്നശേഷിക്കാരായ 20 പേർക്ക് കോഫി വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിച്ചു നല്‍കും.
ആദ്യ കോഫീ വെന്‍ഡിംഗ് മെഷീൻ കളക്ടറേറ്റ് കോംപ്ലക്സില്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ ഉദ്ഘാടനം ചെയ്തു. തോണ്ടങ്കുളങ്ങര സ്വദേശികളായ ജയലക്ഷ്മി, രാജലക്ഷ്മി സഹോദരിമാർക്കാണ് ഇവിടെ തൊഴിൽ സംരംഭം ലഭ്യമാക്കിയത്. ജില്ലയിലെ ബസ് സ്റ്റാന്‍ഡുകള്‍, പൊതു ഇടങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരം എന്നിവിടങ്ങളിലാണ് മറ്റ് 19 കോഫി വെന്‍ഡിംഗ് മെഷീനുകൾ സ്ഥാപിക്കുക.
ചടങ്ങില്‍ എ.ഡി.ആര്‍.എഫ്. മുഖ്യരക്ഷാധികാരി റിട്ട.കേണല്‍ വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ എ.ഒ. അബീന്‍, നാഷണല്‍ ട്രസ്റ്റ് കണ്‍വീനര്‍ ടി.ടി. രാജപ്പന്‍, ഡി.ടി.പി.സി. സെക്രട്ടറി എം. മാലിന്‍, എ.ഡി.ആർ.എഫ്. കോ- ഓർഡിനേറ്റർ പ്രേം സായി ഹരിദാസ്, സൂപ്രണ്ട് എം.എൻ ദീപു, ശിവകുമാർ, ഹരീന്ദ്രനാഥ് എന്നിവര്‍ പങ്കെടുത്തു.