ചാരക്കേസിൽ സിബിഐ സംഘം മാലി സ്വദേശികളായ മറിയം റഷീദയുടെയും ഫൗസിയ ഹസന്റെയും മൊഴിയെടുക്കും

കൊച്ചി: ഐഎസ്ആർഒ ഗൂഡാലോചനക്കേസിൽ സിബിഐ സംഘം മാലിയിലും ശ്രീലങ്കയിലും എത്തും. കേസിലെ പ്രധാന സാക്ഷികളായ മറിയം റഷീദയുടെയും ഫൗസിയ ഹസന്റെയും മൊഴിയെടുക്കാനാണ് അന്വേഷണ സംഘം പോകുന്നത്. ചാരക്കേസിൽ ക്രൂര ശാരീരിക പീഡനത്തിനരിയായവരാണ് മാലി സ്വദേശികളായ മറിയം റഷീദയും ഫൗസിയ ഹസനും. ഇവരെ കാണാൻ സിബിഐ ഡൽഹി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പോകുന്നത്.

ശ്രീലങ്കയിലെ കൊളംബോയിലാണ് ഫൗസിയ ഹസൻ ഇപ്പോൾ താമസിക്കുന്നത്. രണ്ടുദിവസം വീതം മൊഴിയെടുക്കാനായി വേണ്ടിവരുമെന്നാണ് ഇരുവരേയും അറിയിച്ചിരിക്കുന്നത്. അടുത്തമാസം മൊഴി രേഖപ്പെടുത്തും
2021 ഓഗസ്റ്റ് മാസം 19ന് മാലിയിലും 21ന് കൊളംബോയിലും മൊഴിയെടുക്കാനായി എത്തുമെന്ന് സിബിഐ സംഘം മറീയം റഷീദയേയും ഫൗസിയ ഹസനേയും അറിയിച്ചിരുന്നു. എന്നാൽ കൊവിഡിനെത്തുടർന്ന് ശ്രീലങ്കയിൽ ലോക്ഡൗൺ കടുപ്പിച്ചതോടെയാണ് നടപടി മാറ്റിവെച്ചത്.

ആദ്യം മാലിയിൽ പോയി മറിയം റഷീദയെ കണ്ടശേഷമാകും ശ്രീലങ്കയിലേക്ക് പോവുക. തങ്ങളെ ഉപദ്രവിച്ച എസ് വിജയൻ അടക്കമുളള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൃത്യമായ മൊഴി നൽകുമെന്ന് ഫൗസിയ ഹസൻ മാധ്യങ്ങളോട് പറഞ്ഞു . മറിയം റഷീദയേയും ഫൗസിയ ഹസനേയും ഇന്ത്യയിലെത്തിച്ച് മൊഴിയെടുക്കാനായിരുന്നു സിബിഐയുടെ ആദ്യ നീക്കം. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും യാത്ര ചെയ്യാൻ കഴിയില്ലെന്നും ഫൗസിയ ഹസൻ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം