സ്വന്തം ചാരനെ കൊലപ്പെടുത്തിയത് റഷ്യ തന്നെ; നിര്‍ണായക വിധിയുമായി യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഹ്യൂമണ്‍ റൈറ്റ്‌സ്

സ്ട്രാസ്ബര്‍ഗ്: റഷ്യയുടെ മുന്‍ എഫ്.എസ്.ബി ഏജന്റായ അലക്‌സാണ്ടര്‍ ലിറ്റ്വിനെങ്കോയുടെ മരണത്തിന് കാരണം റഷ്യ തന്നെയാണെന്ന് യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഹ്യൂമണ്‍ റൈറ്റ്‌സ്. റഷ്യന്‍ ഭരണകൂടം ലിറ്റ്‌വിനെന്‍കോയെ കൊല്ലുകയായിരുന്നെന്നും കോടതി പറഞ്ഞു.

2006ലാണ് ഭക്ഷണത്തില്‍ റേഡിയോ ആക്ടീവ് മൂലകമായ പൊളോണിയം കലര്‍ത്തി ലിറ്റ്വിനെങ്കോയെ കൊല്ലാന്‍ ശ്രമിച്ചത്.

2016ല്‍ റഷ്യയിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേ പ്രകാരം റഷ്യന്‍ ഭരണകൂടം മുന്‍കൈയെടുത്താണ് ലിറ്റ്വിനെങ്കോയെ വധിക്കാന്‍ ശ്രമിച്ചതെന്നും, റഷ്യന്‍ പ്രസിഡന്റായ വ്‌ളാദമിര്‍ പുതിന്റെ അനുമതിയോടെയാവാന്‍ സാധ്യതയുണ്ടെന്നുമാണ് ഭൂരിഭാഗം ജനങ്ങളും അഭിപ്രായപ്പെട്ടത്.

എന്നാല്‍ മുന്‍ എഫ്.എസ്.ബി ഏജന്റിന്റെ മരണത്തില്‍ റഷ്യന്‍ ഭരണകൂടത്തിന് യാതൊരു വിധത്തിലുള്ള പങ്കും ഇല്ലെന്നാണ് റഷ്യയുടെ വാദം.

പുതിനെ എതിര്‍ക്കുന്ന നിലപാടുകള്‍ സ്വീകരിച്ചതിനാലാണ് ലിറ്റ്വിനെങ്കോയെ വധിക്കാന്‍ കാരണമെന്ന് ആളുകള്‍ കരുതുന്നത്. ഇതിന് ശേഷം അദ്ദേഹം റഷ്യ വിടുകയും ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കുകയും ചെയ്തിരുന്നു.

ബ്രിട്ടണ്‍ അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ കെ.ജി.ബി ബോഡിഗാര്‍ഡുകളായ ആന്‍ഡ്രി ലുഗ്‌വോയ്, ദിമിത്രി കോവ്ടണ്‍ എന്നിവര്‍ മനപൂര്‍വം ലിറ്റ്വിനെങ്കോയുടെ പാനീയത്തില്‍ പൊളോണിയം കലര്‍ത്തുകയായിരുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്.

‘ലിറ്റ്വിനെങ്കോയുടെ മരണത്തിന് കാരണമായി അദ്ദേഹത്തിന്റെ ഭക്ഷണത്തില്‍ റേഡിയോ ആക്ടീവ് മൂലകമായ പൊളോണിയം കലര്‍ത്തിയെന്ന് പറയുന്ന ലുഗ്‌വോയ് കോവ്ടണ്‍ എന്നിവര്‍ റഷ്യന്‍ ഏജന്റുമാരാണെന്ന് കോടതിയ്ക്ക് പ്രഥമദൃഷ്ട്യാ വ്യക്തമായിട്ടുണ്ട്,” വിധിന്യായത്തില്‍ പറയുന്നു. എന്നാല്‍ ഇരുവരും ഇക്കാര്യം നിഷേധിച്ചു.

Share
അഭിപ്രായം എഴുതാം