ന്യൂഡൽഹി: വിവാദ വാക്‌സിന്‍ നയം പിന്‍വലിക്കണമെന്ന് ബ്രിട്ടനോട് ഇന്ത്യ. നടപടി വിവേചനപരമാണെന്നും അനുകൂല സമീപനമുണ്ടായില്ലെങ്കില്‍ ഇന്ത്യയും സമാനനയം കൈക്കൊള്ളുമെന്നും വിദേശകാര്യ മന്ത്രാലയം ബ്രിട്ടന് മുന്നറിയിപ്പ് നല്‍കി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ബ്രിട്ടീഷ് വൃത്തങ്ങളെ വിളിച്ച് പരാതി അറിയിച്ചത്.
ഇന്ത്യയില്‍നിന്ന് വരുന്ന യാത്രക്കാര്‍ രണ്ട് ഡോസ് കോവിഷീല്‍ഡ് സ്വീകരിച്ചാലും പത്തു ദിവസം ക്വാറന്റൈനില്‍ ഇരിക്കണമെന്നാണ് ബ്രിട്ടനിലെ പുതിയ നിയമം. കോവിഷീല്‍ഡ് വാക്‌സിനെടുത്തവരെ വാക്‌സിന്‍ എടുക്കാത്തവരായാണ് ബ്രിട്ടന്‍ കണക്കാക്കുന്നത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനു പിറകെയാണ് ഇന്ത്യ ബ്രിട്ടീഷ് നേതൃത്വത്തെ വിളിച്ച് മുന്നറിയിപ്പ് നല്‍കിയത്.
യഥാര്‍ത്ഥ വിഷയം കോവിഷീല്‍ഡ് വാക്‌സിന്‍ ബ്രിട്ടനിലുമുണ്ടെന്നതാണ്. ബ്രിട്ടന്റെ ആവശ്യപ്രകാരം 50 ലക്ഷത്തോളം വാക്‌സിന് ഡോസുകള്‍ അവര്‍ക്ക് നല്‍കിയിട്ടുണ്ട്. ആ വാക്‌സിന്‍ അവിടത്തെ ആരോഗ്യ വകുപ്പ് ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്-വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ സൂചിപ്പിച്ചു.
കോവിഷീല്‍ഡ് അംഗീകരിക്കാതിരിക്കുന്നത് വിവേചനപരമാണ്. വിഷയം വിദേശകാര്യ മന്ത്രാലയം ബ്രിട്ടനുമുന്നില്‍ ഉന്നയിച്ചിട്ടുണ്ട്. ഉഭയസമ്മതപ്രകാരം ഓരോ രാജ്യത്തിന്റെ വാക്‌സിനുകള്‍ അംഗീകരിക്കുമെന്ന് നേരത്തെ മറ്റു രാജ്യങ്ങള്‍ക്ക് ഉറപ്പുനല്‍കിയതാണ്. ബ്രിട്ടന്റെ ഭാഗത്തുനിന്ന് തൃപ്തികരമായ നടപടിയുണ്ടായില്ലെങ്കില്‍ സമാനമായ സമീപനം നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.