കണ്ണൂര്‍: ഹരിത വിവാദത്തിന് പിന്നാലെ മുസ്‌ലിം ലീഗില്‍ വിഭാഗീയതയും മൂര്‍ച്ഛിക്കുന്നു. നേതൃത്വത്തിനെതിരെ പരസ്യ നിലപാട് സ്വീകരിച്ച് തളിപറമ്പില്‍ സമാന്തര മുനിസിപ്പല്‍ കമ്മിറ്റി നിലവില്‍ വന്നു.
കെ. മുഹമ്മദ് ബഷീര്‍ ജനറല്‍ സെകട്ടറിയും പി.എ. സിദ്ദീഖ് പ്രസിഡന്റുമായ കമ്മിറ്റിയാണ് നിലവില്‍ വന്നത്. ജില്ലാ നേതൃത്വം നേരത്തെ രൂപീകരിച്ച മുനിസിപ്പല്‍ കമ്മിറ്റിയെ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പുതിയ കമ്മിറ്റി ഉണ്ടാക്കിയത്.
ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി. കുഞ്ഞുമുഹമ്മദ്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. സുബൈര്‍ എന്നിവര്‍ വര്‍ഷങ്ങളായി ലീഗിനെ തകര്‍ക്കുകയാണെന്നും അവരുടെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് പുതിയ കമ്മിറ്റി നിലവില്‍ വന്നതെന്നും പുതിയ ഭാരവാഹികള്‍ പറഞ്ഞു.
ലീഗ് വിട്ട് മറ്റു പാര്‍ട്ടിയിലേക്ക് പോകില്ലെന്നും ലീഗിനെ ശുദ്ധീകരിക്കാനാണ് നീക്കമെന്നും പുതിയ കമ്മിറ്റി അറിയിക്കുന്നുണ്ടെങ്കിലും തളിപ്പറമ്പ് നഗരസഭ ഭരണത്തില്‍ ഉള്‍പ്പടെ പിളര്‍പ്പ് പ്രതിസന്ധി തീര്‍ക്കും.
മുനിസിപ്പല്‍ കമ്മിറ്റി പരിധിയിലെ ശാഖകളില്‍ തങ്ങള്‍ക്കാണ് ഭൂരിപക്ഷം എന്നാണ് പുതിയ കമ്മിറ്റിയുടെ അവകാശ വാദം. ഒരു ഭാഗത്ത് യൂത്ത് ലീഗ് സംസ്ഥാന നേതാവ് പി.കെ. സുബൈറും മറുചേരിയില്‍ അള്ളാകുളം മുഹമ്മദും തമ്മിലുള്ള ഗ്രൂപ്പ് പോര് വര്‍ഷങ്ങളായി തളിപറമ്പില്‍ തുടരുന്നതാണ്.
പി.കെ. കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കുന്ന വിഭാഗമാണ് ഇപ്പോള്‍ സമാന്തര മുനിസിപ്പല്‍ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. കെ.എം ഷാജിയെ അനുകൂലിക്കുന്ന യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ. സുബൈറാണ് മറുഭാഗത്ത്.
പി.കെ. സുബൈര്‍ നേതൃത്വം നല്‍കുന്ന മുന്‍സിപ്പല്‍ കമ്മിറ്റി ജില്ലാ നേതൃത്വം പിരിച്ച് വിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം അന്‍പതോളം വരുന്ന പ്രവര്‍ത്തകര്‍ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ഇരച്ച് കയറുകയും സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കെ. അബ്ദുള്‍ ഖാദര്‍ മൗലവി അടക്കമുളള നേതാക്കളെ മണിക്കൂറുകളോളം തടഞ്ഞുവെക്കുകയയും ചെയ്തു.
ഇതേതുടര്‍ന്ന് മുന്‍സിപ്പല്‍ കമ്മിറ്റി പിരിച്ച് വിട്ട നടപടി ജില്ലാ നേതൃത്വം റദ്ദ് ചെയ്യുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മുഹമ്മദ് അള്ളാം കുളത്തെ പിന്തുണക്കുന്ന വിഭാഗം സമാന്തര മുന്‍സിപ്പല്‍ കമ്മറ്റി രൂപീകരിച്ച് രംഗത്തെത്തിയത്.
ഇതിനൊപ്പം വനിതാ ലീഗിനും യൂത്ത് ലീഗിനും വിമത വിഭാഗം സമാന്തര കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. തര്‍ക്കം പരിഹരിക്കാന്‍ ജില്ലാ കമ്മറ്റി നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് സമാന്തരമായി നീങ്ങാന്‍ വിമതര്‍ തീരുമാനിച്ചത്. വിമത പക്ഷത്തുള്ള ഏഴ് കൗണ്‍സിലര്‍മാര്‍ മാറിനിന്നാല്‍ തളിപറമ്പ് നഗരസഭാ ഭരണം ലീഗിന് നഷ്ടമാകും.