മോസ്‌കോ: മധ്യ റഷ്യയിലെ സര്‍വകലാശാലാ വളപ്പില്‍ അക്രമിയുടെ വെടിയേറ്റ് എട്ടുേപര്‍ മരിച്ചു. സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ അക്രമി തിമൂര്‍ ബെക്മാന്‍സറോവി(18)നെ പോലിസ് പിടികൂടി. വിദ്യാര്‍ഥി ഈവര്‍ഷമാദ്യം വാങ്ങിയ നായാട്ടുതോക്ക് ഉപയോഗിച്ചായിരുന്നു വെടിവയ്പ്പ് നടത്തിയത്. അറസ്റ്റ് ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരുക്കേറ്റ 28 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ 19 പേര്‍ക്ക് വെടിയേറ്റിട്ടുണ്ടെന്നു റഷ്യന്‍ ആരോഗ്യമ്രന്താലയം വ്യക്തമാക്കി.തലസ്ഥാനമായ മോസ്‌കോയില്‍നിന്ന് 1,300 കിലോമീറ്റര്‍ അകലെ, പേം സ്റ്റേറ്റ് നാഷണല്‍ റിസര്‍ച്ച് സര്‍വകലാശാലയിലാണു സംഭവം.അക്രമിയില്‍നിന്നു രക്ഷപ്പെടാന്‍ വിദ്യാര്‍ഥികള്‍ കെട്ടിടജനാലകളിലൂടെ ചാടുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. റഷ്യയില്‍ ഈവര്‍ഷം വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടു നടന്ന രണ്ടാമത്തെ വലിയ വെടിവയ്പ്പാണിത്.അക്രമിക്കു പ്രത്യേക മത, രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നാണു പ്രാഥമിക വിലയിരുത്തല്‍. ഇയാള്‍ സാമൂഹിക മാധ്യമങ്ങളിലിട്ട കുറിപ്പില്‍നിന്നാണ് ഈ അനുമാനം. ”ദീര്‍ഘനാളായി ഇത്തരമൊരു പ്രവൃത്തി എന്റെ സ്വപ്നങ്ങളിലുണ്ട്. അതിന്റെ സാക്ഷാത്കാരത്തിന് അനുയോജ്യമായ സമയം ഇതാണെന്നു തിരിച്ചറിയുന്നു”- എന്നായിരുന്നു കുറിപ്പ്.
റഷ്യയില്‍ നായാട്ടുതോക്ക് ഉപയോഗിച്ച് വിദ്യാര്‍ത്ഥി നടത്തിയ വെടിവയ്പ്പില്‍ 8 മരണം
