ന്യൂഡൽഹി: ഒക്ടോബർ മുതല്‍ വാക്‌സിന്‍ കയറ്റുമതി പുനരാരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ മുതലാണ് വാക്‌സിന്‍ കയറ്റുമതി നിര്‍ത്തിവെച്ചത്. അടുത്ത ദിവസം പ്രധാനമന്ത്രിയുടെ യു.എസ് സന്ദര്‍ശനം ആരംഭിക്കാനിരിക്കെയാണ് ആരോഗ്യവകുപ്പിന്റെ തീരുമാനമെന്നതും ശ്രദ്ധേയമാണ്.
ഡിസംബറോടെ 94.4 കോടി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുവരെ 61 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. രാജ്യത്തുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണത്തില്‍ മുന്‍ഗണന നല്‍കിയതിന് ശേഷം മാത്രമേ കയറ്റുമതി പ്രോത്സാഹിപ്പിക്കുകയൂള്ളൂ എന്നും മന്ത്രി വ്യക്തമാക്കി. അയല്‍രാജ്യങ്ങള്‍ക്കാണ് കയറ്റുമതിയില്‍ മുന്‍ഗണന നല്‍കുകയെന്ന് മന്ത്രി പറഞ്ഞു. ‘അയല്‍രാജ്യങ്ങള്‍ ആദ്യം’ എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുക. നേരത്തെ 100 രാജ്യങ്ങള്‍ക്കായി 6.6 കോടി ഡോസ് വാക്‌സിന്‍ കയറ്റുമതി ചെയ്‌തെന്നും മന്ത്രി പറഞ്ഞു.