ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപന ചടങ്ങില്‍ സന്തോഷം പങ്ക് വച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഗുണഭോക്താക്കളും. സംസ്ഥാനത്തൊട്ടാകെ നൂറ് ദിനങ്ങള്‍ക്കുള്ളില്‍ 10000 വീടുകള്‍ പൂര്‍ത്തീകരിക്കപ്പെട്ടതിന്റെ സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ചടങ്ങ് ഓണ്‍ലൈനായി വീക്ഷിക്കുന്നതിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സൗകര്യമൊരുക്കിയിരുന്നു. ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പൂര്‍ത്തീകരിച്ച വീടുകളുടെ അങ്കണത്തിലും ജനപ്രതിനിധികളും ഗുണഭോക്താവിന്റെ കുടുംബാംഗങ്ങളും ചേര്‍ന്ന് പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി. നിരവധി വീടുകളില്‍ ഇതോടനുബന്ധിച്ച് ഗൃഹ പ്രവേശ ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. ഇടുക്കി ജില്ലയില്‍ 1125 വീടുകളാണ് പൂര്‍ത്തീകരിച്ചത്. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഇതുവരെ 17776 വീടുകള്‍ പൂര്‍ത്തിയായി. ഇതില്‍ ഒന്നാം ഘട്ടത്തിലെ 3123 വീടുകളും രണ്ടാംഘട്ടത്തിലെ 9989 വീടുകളും മൂന്നാം ഘട്ടത്തിലെ 1051 വീടുകളും പട്ടികജാതി-പട്ടികവര്‍ഗ – ഫിഷറീസ് വിഭാഗക്കാരുടെ അഡീഷണല്‍ലിസ്റ്റിലെ 39 വീടുകളും പിഎംഎവൈ അര്‍ബന്‍ വിഭാഗത്തിലെ 1674 വീടുകളും പിഎംഎവൈ ഗ്രാമീണ വിഭാഗത്തിലെ 760 വീടുകളും പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ് വഴി നിര്‍മ്മിച്ച 941 വീടുകളും 199 ഫ്ലാറ്റുകളും ഉള്‍പ്പെടുന്നു.
എട്ട് വര്‍ഷം വാടകയ്ക്ക്; ഇപ്പോള്‍ ലഭിച്ചത് സ്വപ്ന ഭവനം
കരിമണ്ണൂര്‍ പഞ്ചായത്തിലെ കോട്ടക്കവല വേട്ടൂര്‍കുന്നേല്‍ സിജു.വി.ആര്‍. ഉം കുടുംബവും ഇനി മുതല്‍ സ്വന്തം വീട്ടില്‍ താമസിക്കാമെന്നതിന്റെ സന്തോഷത്തിലാണ്. കഴിഞ്ഞ എട്ട് വര്‍ഷമായി വാടകക്കായിരുന്നു സിജുവും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ ഇവര്‍ക്കൊരു ഭവനമെന്നത് ഇതുവരെ സ്വപ്നമായിരുന്നു. ഇതിനിടെയാണ് ലൈഫ് ഭവന പദ്ധതി പ്രകാരം ഭവന രഹിതര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ ധന സഹായം ലഭിക്കുന്നതിനുള്ള ലിസ്റ്റില്‍ സിജുവും ഉള്‍പ്പെട്ടത്. ഇതോടെ ഓട്ടോറിക്ഷ തൊഴിലാളിയായ സിജു കഠിനാധ്വാനം ചെയ്തും മിച്ചം പിടിച്ചും ഒരു വിധം സ്വരുക്കൂട്ടിയ പണം കൊണ്ട് കോട്ടവലയില്‍ അഞ്ച് സെന്റ് സ്ഥലം വാങ്ങി. തുടര്‍ന്ന് പഞ്ചായത്തധികൃതരുടേയും വിഇഓ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടേയും സഹായത്തോടെ കാര്യങ്ങള്‍ വേഗത്തിലായി. നാല് ലക്ഷം രൂപായുടെ ധനസഹായം ലഭ്യമായി. ഇതോടെ വീട് നിര്‍മ്മാണം ആരംഭിച്ചു. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനായി. രണ്ട് കിടപ്പ് മുറി, ഹാള്‍, അടുക്കള, സിറ്റ് ഔട്ട്, ടോയ്ലെറ്റ് എന്നിങ്ങനെയുള്ള സൗകര്യത്തോടെയാണ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷമെന്നാണ് ഗൃഹപ്രവേശന ചടങ്ങിന് ശേഷം സിജു പറഞ്ഞത്. ഇതിന് സര്‍ക്കാരിനോടും പഞ്ചായത്തിനോടും മറ്റ് ഉദ്യോഗസ്ഥരോടുമെല്ലാം നന്ദി പറയുകയാണ് സിജുവും കുടുംബവും.
മേരിയും സര്‍ക്കാര്‍ ലൈഫും….
ആശ്രിതരില്ലാത്ത തൊടുപുഴ ഇടവെട്ടി അരീപ്പറമ്പില്‍ വീട്ടില്‍ മേരിക്കുട്ടി സ്‌കറിയയുടെ ജീവിതം ഏറ്റെടുത്ത് ആശ്രയമായി സര്‍ക്കാര്‍. ജന്‍മനാ തന്നെ അവശതയനുഭവിക്കുന്നയാളാണ് മേരി. രോഗിയും വികലാംഗയുമായാണ് മേരിയുടെ ജനനം. ജിവിച്ചതും വളര്‍ന്നതും തന്റെ പരിമിതിയോട് പടവെട്ടിയെന്ന് തന്നെ പറയാം. മതാപിതാക്കളുടെ മരണത്തോടെ പിന്നീടുള്ള ജീവിതം തനിച്ചായിരുന്നു. 69 വയസ്സുള്ള മേരി ജീവിത സാഹചര്യങ്ങളില്‍ ഭൂരിഭാഗവും ഒറ്റക്കാണ് കഴിച്ച് കൂട്ടുന്നത്. തൊടുപുഴ – പൂമാല റോഡരികിലെ ഇടവെട്ടി ഡിപ്പോയ്ക്ക് സമീപമുള്ള വീട്ടിലാണ് താമസം. കാലപ്പഴക്കത്താല്‍ വീട് ചോര്‍ന്നൊലിച്ച് നാശോന്‍മുഖമായതോടെ ജീവിതം ദുരിത പൂര്‍ണ്ണമായി. ഇതേ തുടര്‍ന്നാണ് പഞ്ചായത്തധികൃതര്‍ ഇടപെട്ട് ലൈഫ് ഭവന പദ്ധതി പ്രകാരം മേരിക്ക് വീട് ലഭ്യമാക്കിയത്. സ്വന്തമായി ഭൂമിയുണ്ടായിരുന്നതിനാലും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാലും വീടിനുള്ള സഹായം വേഗത്തിലായി. എന്നാല്‍ ശാരിരിക വൈകല്യമുള്ളതിനാല്‍ വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മുന്നിട്ടിറങ്ങുകയെന്നത് മേരിക്ക് ബുദ്ധിമുട്ടായി. അവിവാഹിതയായ മേരിക്ക് ആരും സഹായത്തിനുമില്ലാത്ത സ്ഥിതിയായിരുന്നു. ഇതോടെ വീട് നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്നതിനും മേരിക്ക് താല്‍ക്കാലിക താമസ സൗകര്യമൊരുക്കുന്നതും വെല്ലുവിളിയായി. ഇക്കാര്യം അന്നത്തെ പഞ്ചായത്തംഗവും ഇപ്പോഴത്തെ പ്രസിഡന്റുമായ ഷീജാ നൗഷാദ് ഗ്രാമസഭയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തംഗവും വിഇഓയുമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഇതിന് പുറമേ പഞ്ചായത്ത് ഭരണ സമിതിയുടെ സഹായവും ഉറപ്പാക്കി. എല്ലാവരുടേയും പിന്തുണയോടെ വേഗത്തില്‍ തന്നെ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനായി. ആശ്രിതരില്ലാതെ ജീവിക്കുന്ന തനിക്ക് അടച്ചുറപ്പുള്ളൊരു വീട് യാതാര്‍ത്ഥ്യമായത് വലിയ ആശ്വാസമായെന്ന് മേരി പറഞ്ഞു. തന്റെ സ്വപ്ന ഭവനം പൂര്‍ത്തിയാക്കാനായതില്‍ സംസ്ഥാന സര്‍ക്കാരിനും ഇടവെട്ടി ഗ്രാമപഞ്ചായത്തിനും നന്ദി പറയുകയാണ് മേരി.
ഇതിന് പുറമേ സര്‍ക്കാരിന്റെ വിവിധ സഹായങ്ങളും മേരിക്ക് ലഭിക്കുന്നുണ്ട്. മേരിക്ക് പാലിയേറ്റീവ് പരിചരണത്തിലൂടെ വൈദ്യ സഹായവും മരുന്നുകളും സൗജന്യമായി നല്‍കുന്നുണ്ട്. ഇതോടൊപ്പം അഗതി രഹത കേരളം പദ്ധതി പ്രകാരം ഗ്രാമ പഞ്ചായത്ത് മാസം 750 രൂപായുടെ ഭക്ഷ്യ കിറ്റ് സപ്ലൈക്കോ വഴി മേരിയുടെ വീട്ടില്‍ ലഭ്യമാക്കുന്നുണ്ട്. കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ദ്ധക്യ കാല പെന്‍ഷനും ഭിന്ന ശേഷി പെന്‍ഷനും മേരിക്ക് ലഭിക്കും. തന്നെപ്പോലെ ആശ്രയമില്ലാതെ കഴിയുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ക്ഷേമ – ഭവന പദ്ധതികള്‍ വലിയൊരു അനുഗ്രഹവും ആശ്രയവുമാണെന്ന് മേരി പറഞ്ഞു.
വാടക വീട്ടില്‍ നിന്നും സ്വപ്ന ഭവനത്തിലേക്ക്
വാടക വീട്ടിലെ വര്‍ഷങ്ങള്‍ നീണ്ട ജീവിതത്തിന് ശേഷം അടച്ചുറപ്പുള്ള സ്വന്തം ഭവനത്തില്‍ താമസിക്കാനായതിന്റെ സന്തോഷത്തിലാണ് ഇടവെട്ടി 11 ആം വാര്‍ഡ് മങ്ങാട്ടില്‍ വീട്ടില്‍ റംല സലാം. ടാക്സി ഡ്രൈവറായ ഭര്‍ത്താവ് സലാമിന് വാഹനം ഓടിച്ച് കിട്ടുന്നതാണ് വീട്ടിലെ ഏക വരുമാന മാര്‍ഗം. മക്കളുടെ പഠനവും വിവാഹവുമൊക്കെയായതോടെ സ്വന്തമായൊരു വീട് എന്നെങ്കിലും നിര്‍മ്മിക്കാനാവുമോയെന്ന ആശങ്ക പോലുമുണ്ടായിരുന്നുവെന്ന് റംല പറഞ്ഞു. ഇതിനിടെ സ്വരുക്കൂട്ടി വച്ച പണം കൊണ്ട് അഞ്ച് സെന്റ് ഭൂമി വാങ്ങാനായിരുന്നു. ഇതേ സമയത്താണ് ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റില്‍ റംലയുടെ പേരും ഉള്‍പ്പെട്ടത്. ഇതോടെയാണ് തൊല്ലൊരു ആശ്വാസമായത്. തുടര്‍ന്ന് വീട് നിര്‍മ്മാണം വേഗത്തിലായി. വീട് നിര്‍മ്മിക്കാന്‍ ലഭിച്ച നാല് ലക്ഷം രൂപാക്ക് പുറമേ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി 90 തൊഴില്‍ ദിനങ്ങളും കൂടി പഞ്ചായത്ത് അനുവദിച്ചു. രണ്ട് കിടപ്പ് മുറി, ഹാള്‍, അടുക്കള, സിറ്റ് ഔട്ട്, ടോയ്ലെറ്റ് എന്നിങ്ങനെയുള്ള സൗകര്യത്തോടെയാണ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഇതിന് പുറമേ മാലിന്യ സംസ്‌കരണ കുഴി, വൈദ്യുതി കണക്ഷന്‍ എന്നിവയും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സൗജന്യമായി ലഭ്യമാക്കി. വാര്‍ദ്ധക്യ കാലത്തെങ്കിലും സുരക്ഷിതമായ അടച്ചുറപ്പുള്ള വീട്ടില്‍ കഴിയാനാകുന്നതിന്റെ ആശ്വാസത്തിലാണ് റംലയും കുടുംബവും. തങ്ങളെ സംബന്ധിച്ച് ഇതൊരു സ്വപ്ന ഭവനമാണെന്നും ഇത് യാഥാര്‍ത്ഥ്യമാക്കി തന്നതിന് സര്‍ക്കാരിനോടും പഞ്ചായത്തിനൊടും നന്ദി പറയുകയാണ് റംല പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപന ചടങ്ങ് ഇടവെട്ടിയില്‍ സംഘടിപ്പിച്ചു. ഇടവെട്ടി 11 ആം വാര്‍ഡില്‍ ലൈഫ് ഭവന പദ്ധതി പ്രകാരം നിര്‍മ്മിച്ച റംല മങ്ങാട്ടിന്റെ വീട്ടില്‍ സംഘടിപ്പിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.കെ.സുഭാഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ താഹിറ അമീര്‍, ബേബി തോമസ്, മോളി ബിജു, പഞ്ചായത്തംഗങ്ങളായ ബിന്ദു ശ്രീകാന്ത്, ലത്തീഫ് മുഹമ്മദ്, ബിന്‍സി മാര്‍ട്ടിന്‍, ഉദ്യോഗസ്ഥരായ സവിത, യൂസഫ്, വിഇഓ ദീപ, യൂത്ത് കോ. ഓര്‍ഡിനേറ്റര്‍ മുഹമ്മദ് താജുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.