ന്യൂഡല്‍ഹി: ആഭ്യന്തര വിമാന സര്‍വീസുകളില്‍ 85 ശതമാനം യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാന്‍ വ്യോമയാന വകുപ്പിന്റെ അനുമതി. നേരത്തെ 72.5 ശതമാനം ആളുകളെ ഉള്‍ക്കൊള്ളിച്ച് സര്‍വീസ് നടത്താനായിരുന്നു അനുമതി. ഓഗസ്റ്റ് 12 മുതല്‍ 72.5 ശതമാനം യാത്രക്കാരുമായാണ് സര്‍വീസ് നടത്തിയിരുന്നത്.ആഭ്യന്തര വിമാന സര്‍വീസുകള്‍ കഴിഞ്ഞ വര്‍ഷം മെയിലാണ് രാജ്യത്ത് പുനരാരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ 33 ശതമാനം യാത്രക്കാരുമായി സര്‍വീസ് നടത്താനായിരുന്നു അനുമതി. ആ വര്‍ഷം ഡിസംബറില്‍ ഇത് 80 ശതമാനമായി ഉയര്‍ത്തി. ജൂണ്‍ മാസത്തില്‍ ഇത് കുറച്ച് 50 ശതമാനം ആക്കി. നാല് ദിവസങ്ങള്‍ക്കു ശേഷം ഇത് 65 ശതമാനത്തിലേക്ക് വര്‍ധിപ്പിച്ചു. രാജ്യത്തെ കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവുണ്ടാവുന്ന സാഹചര്യത്തിലാണ് യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ വ്യോമയാന മന്ത്രാലയം തീരുമാനിച്ചത്. ഇക്കാര്യം വ്യോമയാന മന്ത്രാലയം ഔദ്യോഗികമായി വിമാനക്കമ്പനികളെ അറിയിച്ചിട്ടുണ്ട്.