തിരുവനന്തപുരം: രാജ്യത്തെ സ്റ്റാർട്ടപ്പ് രംഗത്തിന് പുത്തൻ ഊർജ്ജം പകരുന്ന ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഉത്പന്നവികസന കേന്ദ്രമായ ഡിജിറ്റൽ ഹബ് മുഖ്യമന്ത്രി പിണറായി വിജയൻ 18ന് നാടിന് സമർപ്പിക്കും. കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിലുള്ള അത്യാധുനിക കെട്ടിട സമുച്ചയത്തിൽ പുത്തൻ സാങ്കേതികവിദ്യയിലൂന്നിയ ഇൻകുബേറ്ററുകൾ, ആക്‌സിലറേറ്ററുകൾ, മികവിന്റെ കേന്ദ്രങ്ങൾ എന്നിവയാണ് സജ്ജീകരിക്കുക.
കളമശ്ശേരിയിലെ ടെക്‌നോളജി ഇന്നൊവേഷൻ സോണിലാണ് രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടസമുച്ചയം. നിലവിൽ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്‌സിലുള്ള 165 സ്റ്റാർട്ടപ്പുകൾക്ക് പുറമെ 200 സ്റ്റാർട്ടപ്പുകളെക്കൂടി പുതിയ കെട്ടിടത്തിൽ ഉൾക്കൊള്ളാനാകും. ഡിസൈൻ ഇൻകുബേറ്റർ, ഹെൽത്ത്‌കെയർ ഇൻകുബേറ്റർ, മൗസർ ഇലക്ട്രോണിക്‌സിന്റെ മികവിന്റെ കേന്ദ്രം, ഡിസൈൻ സ്റ്റുഡിയോകൾ, നിക്ഷേപകർക്കായുള്ള പ്രത്യേക സംവിധാനം, ഇന്നോവേഷൻ കേന്ദ്രം എന്നിവ ഉൾപ്പെടുന്നതാണിത്. വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം പി ആശംസയറിയിക്കും.
ചീഫ് സെക്രട്ടറി ഡോ. വി പി ജോയി, ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ, കളമശ്ശേരി നഗരസഭാ ചെയർപേഴ്‌സൺ സീമ കണ്ണൻ, വൈസ് ചെയർപേഴ്‌സൺ സൽമ അബൂബക്കർ എന്നിവർ സംസാരിക്കും. ഇലക്ട്രോണിക്‌സ്-ഐടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ സ്വാഗതവും ജോൺ എം തോമസ് നന്ദിയും അറിയിക്കും.
സംസ്ഥാനത്തേക്ക് വരാനാഗ്രഹിക്കുന്ന ഹാർഡ് വെയർ സ്റ്റാർട്ടപ്പുകൾക്കുള്ള പ്രതിബന്ധങ്ങൾ ഡിജിറ്റൽ ഹബിന്റെ വരവോടെ ഇല്ലാതാകും. ഇതോടെ ഡിസൈനർമാർക്കും പുതിയ പ്രതിഭകൾക്കും കൂടുതൽ അവസരങ്ങളും കൈവരും. വാണിജ്യാവശ്യത്തിനുള്ള മാതൃകാരൂപകൽപനയ്ക്കുള്ള അവസരം ഏറുകയും കൂടുതൽ ഉപഭോക്തൃ അടിത്തറ ഉണ്ടാകുകയും ചെയ്യും. കളമശ്ശേരി കിൻഫ്ര ഹൈടെക് പാർക്കിലെ 13.2 ഏക്കർ സ്ഥലത്താണ് ടെക്‌നോളജി ഇന്നൊവേഷൻ സോൺ സ്ഥിതി ചെയ്യുന്നത്. ആശയത്തിൽ തുടങ്ങി രൂപകൽപന, മാതൃകാരൂപീകരണം എന്നിവയിലൂടെ ഉത്പന്നത്തിന്റെ വിപണനം വരെയുള്ള കാര്യങ്ങൾ ഏകോപിപ്പിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. ഏഞ്ചൽ നിക്ഷേപകർ, വിദഗ്‌ധോപദേശകർ, ലോകോത്തര സാങ്കേതിക സംവിധാനങ്ങൾ എന്നിവയിലൂടെ സംരംഭകരുടെ സുസ്ഥിര വളർച്ചയാണ് സോൺ ലക്ഷ്യമിടുന്നത്. ആകെ നാല് ലക്ഷം ചതുരശ്രയടിയാണ് സോണിന്റെ വലുപ്പം. 2.3 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്‌സ്, ബയോടെക്‌നോളജി ഇൻകുബേഷൻ സെന്റർ എന്നിവയാണ് നിലവിൽ ഇവിടെയുള്ളത്.