കൊച്ചി : പ്രവേശന പരീക്ഷയുടെ മാർക്ക് മാത്രം അടിസ്ഥാനമാക്കി ആയിരിക്കണം എഞ്ചിനീയറിങ് അടക്കമുള്ള പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശനം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷാഫലം വരുമ്പോൾ റിസൾട്ട് വരുന്ന മുറയ്ക്ക് അപ്‍ലോഡ് ചെയ്യാൻ അവസരം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
പ്ലസ് ടു പരീക്ഷ മാർക്ക് പരിഗണിക്കരുത് എന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷനും വിദ്യാർഥികളും അടക്കമുള്ളവരാണ് ഈ ആവശ്യമുന്നയിച്ച് ഹർജി നൽകിയത്.
കൊവിഡ് പശ്ചാത്തലത്തിൽ സിബിഎസ്ഇ ഐഎസ്ഇ സ്ട്രീമുകളിൽ വാർഷിക പരീക്ഷ നടത്തിയിട്ടില്ലാത്തതിനാൽ പ്ലസ്ടു മാർക്കു കൂടി പരിഗണിച്ച് ഫലം പ്രസിദ്ധീകരിച്ചാൽ അത് ഒരു വിഭാഗം വിദ്യാർഥികളോടുള്ള അനീതി ആയിരിക്കും എന്നാണ് വിദ്യാർഥികൾ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം പ്ലസ് വൺ പരീക്ഷ നടത്താൻ സുപ്രീം കോടതി അനുമതി നൽകി. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയായിരുന്നു കോടതിയുടെ ഉത്തരവ്. പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ വിശദീകരണം തൃപ്‌തികരമാണെന്നും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ നടത്താമെന്നും കോടതി അറിയിച്ചു. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകൾ സുഗമമായി നടത്തിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.