ജിഎസ്ടി കൗൺസിൽ യോഗം 2021 സെപ്തംബർ 17ന് ലഖ്നൗവിൽ

ദില്ലി: 45-ാമത് ജിഎസ്ടി കൗൺസിൽ യോഗം 2021 സെപ്തംബർ 17ന് ലഖ്നൗവിൽ ചേരും. കൊവിഡ് വ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് ജിഎസ്ടി കൗൺസിൽ യോഗം നേരിട്ട് ചേരുന്നത്. പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തണമോയെന്നത് യോഗം ചർച്ച ചെയ്തേക്കും ജിഎസിടിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം ഉണ്ടാവുകയാണെങ്കിൽ രാജ്യത്ത് പെട്രോളിന് 75 ഉം ഡീസലിന് 68 രൂപയായെങ്കിലും കുറയും.

നിലവിൽ രാജ്യത്ത് നൂറ് കടന്ന ഇന്ധന വില ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് കേരള ഹൈക്കോടതിയും നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യോഗം ഇക്കാര്യം പരിഗണിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പുകൾ അടക്കം നടക്കുന്ന സാഹചര്യത്തിൽ വലിയ തീരുമാനം സർക്കാർ കൈക്കൊള്ളുമെന്നാണ് സൂചനകൾ. എന്നാൽ ജിഎസ്ടി സംവിധാനത്തിൽ വരുത്തുന്ന മാറ്റത്തിന് പാനലിലുളള നാലിൽ മൂന്ന് അംഗങ്ങളുടെ അനുമതി വേണമെന്നതാണ് ചട്ടം.

സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും പ്രതിനിധികൾ ആണ് കൗൺസിൽ അംഗമായിട്ടുള്ളത്. വരുമാനത്തിന്റെ നട്ടെല്ലായ ഇന്ധന വരുമാനം ഇല്ലാതാകുന്നതെനെ പല സംസ്ഥാനങ്ങളും ശക്തമായി എതിർത്തേക്കും. പക്ഷെ എതിർപ്പ് രാഷ്ട്രീയമായി ഉപയോഗിക്കാൻ കേന്ദ്രസർക്കാരിന് സാധിക്കുമെന്നതിനാൽ ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിനുള്ള സാധ്യത കൂടുതലാണെന്ന വിലയിരുത്തലുമുണ്ട്. പെട്രോൾ, ഡീസൽ, പ്രകൃതി വാതകം, വിമാന ഇന്ധനം എന്നിവ ജിഎസ്ടിയിൽ ഉൾപ്പെടുത്തി വില കുറക്കാനുള്ള ചരിത്രപരമായ തീരുമാനം കൗൺസിലിൽ ഉണ്ടാകുമോയെന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. .

യോഗം ചേരുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ദിനത്തിലാണെന്നും വലിയ പ്രഖ്യാപനങ്ങളുടെ സാധ്യത വർധിപ്പിക്കുന്നുണ്ട്. കൊവിഡ് ചികിത്സക്കുള്ള മരുന്നുകളുടെ ഇളവ് നീട്ടുന്നതും സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം 2022 ന് ശേഷവും തുടരുന്നതും യോഗത്തിൽ ചർച്ചയാകും

Share
അഭിപ്രായം എഴുതാം