അനധികൃത സ്വത്ത് സമ്പാദനം: മുന്‍ തമിഴ്നാട് മന്ത്രിയുടെ വസതിയില്‍ റെയ്ഡ്

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് എഐഎഡിഎംകെ നേതാവും മുന്‍ തമിഴ്നാട് വാണിജ്യനികുതി മന്ത്രിയുമായ കെ സി വീരമണിയുടെ വസതിയിലും സ്ഥാപനങ്ങളിലും വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ചെന്നൈ, വെല്ലൂര്‍, തിരുവണ്ണാമല തുടങ്ങിയ 20 ഓളം സ്ഥലങ്ങളിലാണ് തിരച്ചില്‍ നടത്തിയത്. അനധികൃത സ്വത്ത് കൈവശംവച്ചതിന് മന്ത്രിക്കെതിരേ ഡിവിഎസി അഴിമതി നിരോധന നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

2016 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കാലയളവില്‍ വീരമണിയുടെ മൊത്തം വരുമാനത്തിന്റെ 65.4 ശതമാനം വരുന്ന വരുമാന സ്രോതസ്സുകള്‍ക്ക് ആനുപാതികമല്ലാത്ത 28.78 കോടി രൂപയുടെ സ്വത്ത് കൈവശം വച്ചിട്ടുണ്ടെന്ന് എഫ്ഐആറില്‍ ആരോപിക്കുന്നു. 2016 മുതല്‍ 2021 വരെയാണ് വീരമണി വാണിജ്യ നികുതി, രജിസ്ട്രേഷന്‍ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. 2011- 2016 എഐഎഡിഎംകെ ഭരണത്തിലും മന്ത്രിയായിരുന്നു. 2021 ലെ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ തിരുപ്പത്തൂര്‍ ജില്ലയിലെ ജോളാര്‍പേട്ടില്‍നിന്ന് അദ്ദേഹം പരാജയപ്പെടുകയാണുണ്ടായത്.

Share
അഭിപ്രായം എഴുതാം