തിരുവനന്തപുരം: സിദ്ധ-ആയൂര്‍വേദ-ഹോമിയോ ഡിസ്‌പെന്‍സറികളില്‍ ഔഷധസസ്യ തോട്ടം

തിരുവനന്തപുരം: ഹരിത കേരളം മിഷനും ആയുഷ് മിഷനും ചേര്‍ന്നു ജില്ലയിലെ തെരഞ്ഞെടുത്ത സര്‍ക്കാര്‍ സിദ്ധ- ആയൂര്‍വേദ – ഹോമിയോ ഡിസ്‌പെന്‍സറികളില്‍ ഔഷധ സസ്യത്തോട്ടം നിര്‍മിക്കുന്നു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 17നു രാവിലെ ഒമ്പതിന് അവനവഞ്ചേരി ഗവണ്‍മെന്റ് ഡിസ്‌പെന്‍സറിയില്‍ ഒ.എസ്. അംബിക എം.എല്‍.എ. നിര്‍വഹിക്കും. ആറ്റിങ്ങല്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ. എസ്. കുമാരി അദ്ധ്യക്ഷത വഹിക്കും.

അയ്യപ്പന, ഇഞ്ചി, ശതാവരി, തുളസി, ചിറ്റമൃത്, ബ്രഹ്മി, മഞ്ഞള്‍, മുറിക്കൂട്ടി, കുടങ്ങല്‍, കരിനൊച്ചി, തിപ്പലി, കറ്റാര്‍വാഴ, പനിക്കൂര്‍ക്ക, കിഴാര്‍നെല്ലി, അശ്വഗന്ധ, കുറുന്തോട്ടി, വാതംകൊല്ലി തുടങ്ങിയ ഔഷധ മൂല്യമുള്ള സസ്യങ്ങളാണ് ഔഷധസസ്യ തോട്ടത്തില്‍ നട്ടുപിടിപ്പിക്കുന്നത്. ഓരോ സസ്യത്തിന്റേയും ശാസ്ത്രീയ നാമവും ഔഷധ ഗുണങ്ങളും വിവരിച്ചുള്ള ബോര്‍ഡും സ്ഥാപിക്കും.

ഗവണ്‍മെന്റ് ആയൂര്‍വേദ ഡിസ്‌പെന്‍സറി ചേരമന്‍തുരുത്ത്, കാട്ടാക്കട, അരുവിപ്പുറം, ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറി കഴക്കൂട്ടം, വലിയവിള, വിളവൂര്‍ക്കല്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടം ഔഷധത്തോട്ടം നിര്‍മിക്കുന്നത്. ജില്ലയിലെ ഔഷധത്തോട്ട നിര്‍മാണങ്ങള്‍ക്കു ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡി. ഹുമയൂണ്‍, ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാംമാനേജര്‍ ഡോ. കെ.എസ്. ഷൈജു എന്നിവര്‍ നേതൃത്വം നല്‍കി.

Share
അഭിപ്രായം എഴുതാം